ഗ്ലാസ്‌ഗോ: 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ബുധനാഴ്ച നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്‌സ് ജനറല്‍ അസംബ്ലിക്കുശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 100-ആം ശതാബ്ദി പതിപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 2010-ല്‍ ഡല്‍ഹിയിൽ ഗെയിംസ് നടത്തിയ ശേഷം ഇന്ത്യ രണ്ടാം തവണയാണ് ഈ ഗെയിംസിന് വേദിയാകുന്നത്.
2030-ലെ വേദിക്കായി നൈജീരിയയും ബിഡ് സമർപ്പിച്ചിരുന്നു. എന്നാൽ 74 അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയുടെ ബിഡിനാണ് പിന്തുണ നൽകിയത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‌വി എന്നിവർ ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
സംഘാടക സമിതി 2030 ഗെയിംസിൽ 15 മുതൽ 17 വരെ പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്താനാണ് പരിഗണിക്കുന്നത്.
