ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം രജിസ്റ്റര്‍ ചെയ്തു. നേരത്തെ ലോക്സഭയില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെ, അമ്പതോളം മാര്‍ഷല്‍മാരെ നിയോഗിച്ച സാഹചര്യത്തിലാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.
മാര്‍ഷല്‍മാരെ നിരത്തിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. മൂന്നാം നിരയില്‍ ഇരുന്നുകൊണ്ടാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭയെ വൈകുന്നേരം അഞ്ചു മണിവരെ നിര്‍ത്തിവച്ചു. പുതിയ സഭയില്‍ ആദ്യമായാണ് ഇത്രയും മാര്‍ഷല്‍മാരെ നിയോഗിക്കുന്നത്.
ഇരുപക്ഷവും പരസ്പരം സ്പീക്കറിന് പരാതി നല്‍കി. അമിത് ഷായെ ആക്രമിച്ചതായി ബിജെപിയുടെ പരാതി. വനിതാ എംപി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേല്‍പ്പിച്ചെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കി. പ്രതിപക്ഷം കല്ല് പൊതിഞ്ഞ പേപ്പര്‍ കൊണ്ടുവന്നതായും, അമിത് ഷാ സംസാരിക്കുമ്പോള്‍ മൈക്ക് തകര്‍ക്കാന്‍ ശ്രമിച്ചതായും ബിജെപിയുടെ ആരോപണം.
ബില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ഓവൈസിയും, ഭരണഘടനയെ തകര്‍ക്കുന്ന ബില്ലാണെന്ന് മനീഷ് തിവാരിയും ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് കടന്നുകയറ്റമാണെന്നും, പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞു.
ബില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അനാവശ്യ തിടുക്കം എന്തിനെന്ന് ചോദിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പ്രതികരിച്ചു.
