തിരുവനന്തപുരം:
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എത്തില്ലെന്ന് വ്യക്തമായി. പകരം തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
മുഖ്യാതിഥിയായി സ്റ്റാലിനെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ചെന്നൈയിൽ നേരിട്ടെത്തി ക്ഷണം കൈമാറിയിരുന്നു. എന്നാൽ, തിരക്കുപിടിച്ച പരിപാടികളുടെ പശ്ചാത്തലത്തിലാണ് സ്റ്റാലിൻ എത്താൻ കഴിയാത്തത്. പ്രതിനിധികളായി തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ഉൾപ്പെടെയുള്ളവർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 20-നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.
അതേസമയം, സ്റ്റാലിനെ ക്ഷണിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ബിജെപി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. സ്റ്റാലിനും പിണറായി വിജയനും അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്നും, ശബരിമലയെയും ഹൈന്ദവ വിശ്വാസത്തെയും അപമാനിക്കാനായി നിരവധി നടപടികൾ അവർ നടത്തിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
പിണറായി വിജയൻ നിരവധി അയ്യപ്പഭക്തർക്കെതിരെ കേസെടുത്തതും, ജയിലിലടച്ചതും, പോലീസ് അതിക്രമം നടത്തിച്ചതും ഹൈന്ദവ വിശ്വാസത്തെ വേദനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിനും മകനും ഹിന്ദുക്കളെ അപമാനിച്ച പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും, അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും ബിജെപി വ്യക്തമാക്കി.
