പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിന്റെ അറസ്റ്റിനെ തുടർന്ന് സിപിഐഎം പ്രതിരോധത്തിലാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അയ്യപ്പന്റേതായ ഒരു തരി സ്വർണവും നഷ്ടപ്പെടാൻ സമ്മതിക്കില്ലെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന നിലപാട് പാർട്ടി മുൻപേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. “കുറ്റക്കാരായ ആരെയും അറസ്റ്റ് ചെയ്യാം, ഒരാളെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തത് കൊണ്ട് കുറ്റവാളിയാകില്ല, അത് വെറും കുറ്റാരോപിതനെന്നർത്ഥമാണ്,” എം.വി. ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിന്റെ അറസ്റ്റിലൂടെ സർക്കാരിന്റെ സത്യസന്ധ നിലപാട് വ്യക്തമായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കുമെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. “ദേവസ്വം ആസ്ഥാനത്ത് ഇരിക്കുമ്പോൾ ഉചിതമായ ജാഗ്രത ഉണ്ടാകേണ്ടതായിരുന്നു. പത്മകുമാർ നേരിട്ട് പങ്കെടുത്തെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ ജാഗ്രതക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കട്ടെ. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാരിന് ആവശ്യമായ നടപടികൾ എടുക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിന് അനുകൂലമായ വോട്ടിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. “സർക്കാർ എടുത്തിരിക്കുന്നത് സത്യസന്ധവും മാതൃകാപരവുമായ നിലപാടാണ്. ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയും?” എം.വി. ഗോവിന്ദൻ ചോദിച്ചു.
