കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 കാരനെ രക്ഷിച്ചത് ട്രോമാകെയർ

മലപ്പുറം: പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിന്റെ 12 വയസ്സുകാരനായ മകനാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയത്. ബെൻറ്റ് ഇട്ടുനോക്കിയതാണ് അപകടമായത്.

വീട്ടുകാർക്കും അയൽക്കാരനും ബെൽറ്റ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അസഹ്യമായ വേദനയും ശ്വാസ തടസവും ഉണ്ടായതിനാൽ ശ്രമം പരാജയപ്പെട്ടു. ഉടൻ തന്നെ വിവരം ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റിലെ ലീഡറെ അറിയിച്ചു.

രാത്രി 7.30ഓടെ സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകർ ഏറെ പരിശ്രമിച്ചശേഷം കഴുത്തിൽ കുടുങ്ങിയ ബെൽറ്റ് അതിവിദഗ്ധമായി മുറിച്ചുമാറ്റി കുട്ടിക്ക് ആശ്വാസം നൽകി.

കൈവിരലുകളിലും മറ്റും കുടുങ്ങുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയ ട്രോമാകെയർ പാണ്ടിക്കാട് യൂണിറ്റ് ഇതുവരെ 118 സമാന കേസുകളിൽ ഇടപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

രക്ഷാദൗത്യത്തിന് ടീം ലീഡർ മുജീബ്, സക്കീർ കാരായ, ഹനീഫ കിഴക്കും പറമ്പ്, ബഷീർ മൂർഖൻ എന്നിവർ നേതൃത്വം നൽകി.

https://youtu.be/dhQwOPDv3E4?si=ROsdO-1lTSlN4tpJ

malayalampulse

malayalampulse