ടൊറന്റോ: 51 വർഷം മുൻപ് നഷ്ടപ്പെട്ട ഒരു പഴ്സ് യാതൊരു കേടുപാടുകളും കൂടാതെ കണ്ടെത്തുകയും ഉടമയുടെ കൈകളിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരിക്കെ നഷ്ടപ്പെട്ട പഴ്സ് കണ്ടെത്തിയത്, അതേ സ്കൂളിൽ നിന്നുമായിരുന്നു.
കാനഡയിലെ ഒന്റാരിയോയിലെ സ്റ്റോണി ക്രീക്കിലെ ഓർക്കാർഡ് പാർക്ക് സെക്കൻഡറി ഹൈസ്കൂൾ നവീകരണത്തിനിടെ ശുചിമുറിയുടെ ഭിത്തിക്ക് പിന്നിൽ നിന്നാണ് പഴ്സ് കണ്ടെത്തിയത്. 1974-ൽ 17 വയസ്സുള്ള വിദ്യാർത്ഥി ടോം ഷോഫ് നഷ്ടപ്പെടുത്തിയ പഴ്സാണെന്ന് സ്ഥിരീകരിച്ചു.
വാലറ്റിൽ വിദ്യാർത്ഥിയുടെ തിരിച്ചറിയൽ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസ്, സോഷ്യൽ ഇൻഷുറൻസ് കാർഡ്, കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ, യൂറോപ്യൻ ട്രെയിൻ ടിക്കറ്റ്, ഹോക്കി ടിക്കറ്റ് (35 സെൻറ് വിലയുള്ളത്), കനേഡിയൻ ഡിസ്റ്റിലറിയുടെ വിലപ്പട്ടിക തുടങ്ങി അനവധി വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
സ്കൂളിലെ ജീവനക്കാരിയായ ലോർണ മക്വീൻ ആണ് കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. “ഞങ്ങൾ ജനിക്കുന്നതിന് മുമ്പുള്ള ഒരു വസ്തു കണ്ടെടുക്കുന്നത് കൗതുകകരമായ അനുഭവമായിരുന്നു. ഉടമയെ കണ്ടെത്തി തിരികെ നൽകണം എന്ന് തീരുമാനിച്ചു,” അവർ പറഞ്ഞു.
മക്വീനും സുഹൃത്തുക്കളും ചേർന്ന് 67 കാരനായ ഷോഫിനെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടു. വിവരം അറിഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിശ്വസിക്കാനായില്ല. സ്കൂളിൽ എത്തിയപ്പോൾ അത് തന്റെ തന്നെ പഴ്സാണെന്ന് മനസ്സിലായി.
“അതിലുള്ള ഓരോ വസ്തുവും മറന്നുപോയ ഓർമ്മകളെ തിരികെ കൊണ്ടുവന്നു,” ഷോഫ് പറഞ്ഞു. പഴ്സിൽ തന്റെ ബാല്യകാല വീടിന്റെ ചിത്രം ഉണ്ടായിരുന്നതും അത് അമ്മയെ കാണിച്ചതും വലിയൊരു അനുഭവമായി.
ഷോഫിന്റെ കരുതലുപ്രകാരം, 1970കളിൽ ശുചിമുറിയിൽ പഴ്സ് നഷ്ടപ്പെട്ടിരിക്കാം. ആരോ പണം എടുത്ത് ശേഷിച്ച വസ്തുക്കൾ ടൈലുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
