രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

കൊച്ചി:

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായ മറുപടി നൽകി.

“മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. രാഹുലിനെതിരെ പരാതി ഇല്ല, എഫ്‌ഐആർ ഇല്ല, എങ്കിലും ധാർമികതയുടെ പേരിൽ ഞങ്ങൾ നടപടി സ്വീകരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിൽ തന്നെ ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രണ്ട് പേർ ഇപ്പോഴും തുടരുന്നു” — വിഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി പരാതിക്കാരനായ മുതിർന്ന നേതാവിനെ സൈഡ്‌ലൈൻ ചെയ്തതും, പ്രതിയെ സ്വന്തം ഓഫീസിൽ നിയമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. “ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്. എന്റെ നേരെ ഒരു വിരൽ നീട്ടുമ്പോൾ, ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ നെഞ്ചിലേക്കാണ് ഉയരുന്നത്” — സതീശൻ പറഞ്ഞു.

മുൻ മന്ത്രിമാരെ സംബന്ധിച്ച വിവാദങ്ങളെയും സതീശൻ പരാമർശിച്ചു. “ഒരു മുൻ മന്ത്രിക്കെതിരെ വന്ന ആരോപണങ്ങൾക്കായി മാനനഷ്ടക്കേസ് കൊടുത്തോ, പാർട്ടി നടപടി ഉണ്ടോയെന്നോ ചോദിക്കേണ്ടതുണ്ട്. മറ്റൊരു മുൻ മന്ത്രിയുടെ ഓഡിയോ രണ്ട് വർഷമായി വാട്സാപ്പിൽ പ്രചരിക്കുന്നു. എന്നാൽ ആരോപണ വിധേയരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി മാത്രമാണ് ഇങ്ങനെ മുന്നോട്ടു വന്നത്” — അദ്ദേഹം വിമർശിച്ചു.

പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ഹവാല-റിവേഴ്സ് ഹവാല ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും, “മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണം” എന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷനേതാവ് എറണാകുളം ഡി .സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം

ഇത്രയേറെ ലൈംഗിക അപവാദ കേസുകളിലെ പ്രതികളെ സംരക്ഷിച്ചൊരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും പിണറായി വിജയനെ പോലെ ഇന്ത്യയില്‍ മാറ്റാരുമുണ്ടാകില്ല; എനിക്ക് നേരെ വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രിയുടെ നാലു വിരലുകളും അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണെന്നത് മറക്കരുത്; ഹവാല ഇടപാടിലൂടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നതിലും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിലും മുഖ്യമന്ത്രിക്ക് മറുപടിയില്ല; സ്വന്തമായി കണ്ണാടി നോക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മറ്റുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊട്ടിത്തെറിച്ച രാജീവ് ചന്ദ്രശേഖര്‍ ആരോപണ വിധേയനായ ബി.ജെ.പി നേതാവിനെതിരെ എന്ത് നടപടിയെടുക്കും? ബി.ജെ.പിക്ക് ഇപ്പോള്‍ കാളയെ ആവശ്യം വന്നല്ലോ, ഇനിയും ആവശ്യംവരും

രാഹുല്‍ മാങ്കൂട്ടത്തെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുകയാണെന്ന ആരോപണമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രത്യേകമായ ഉപദേശത്തിന് നന്ദി. മുഖ്യമന്ത്രി ഇന്ന് പറഞ്ഞതു പോലെ ഒരു പരാതിയോ എഫ്.ഐ.ആറോ ഇല്ല. ധാര്‍മ്മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിന്റെയും പേരില്‍ ഒരു പാര്‍ട്ടിക്ക് എടുക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചു. എനിക്ക് നേരെ വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രിയുടെ നാലു വിരലുകളും അദ്ദേഹത്തിന്റെ നെഞ്ചിലേക്കാണ് ചൂണ്ടിയിരിക്കുന്നത്. ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് ഈ മന്ത്രിസഭയിലുള്ളത്. സി.പി.എമ്മിലെ ഏറ്റവും സീനിയര്‍ നേതാവ് പരാതി ഉന്നയിച്ചപ്പോള്‍ അത് പൊലീസിന് കൈമാറാതെ പാര്‍ട്ടി കോടതയില്‍ തീരുമാനിച്ച് ആ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുത്തിയിരിക്കുകയാണ്. പരാതി ഉന്നയിച്ച മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി പൂര്‍ണമായും ഒഴിവാക്കി. എന്നിട്ടാണ് ആരോപണം ഉന്നയിച്ചയാളെ മുഖ്യമന്ത്രി ചേര്‍ത്തിരുത്തിയിരിക്കുന്നത്. അവരുടെയൊക്കെ പേര് ഈ നാട്ടിലെ എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ കൈപൊക്കുന്ന ഒരു എം.എല്‍.എ റേപ്പ് കേസിലെ പ്രതിയാണ്. മുഖ്യമന്ത്രിയുടെ പൊലീസ് തന്നെയാണ് അയാള്‍ക്കെതിരെ കേസെടുത്തത്. എന്നിട്ടും ഒരു നടപടിയും എടുത്തില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന സംഭവമെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഭാഷയിലുള്ള ഒരു അവതാരം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ക്കൊപ്പമായിരുന്നു? ടിഷ്യൂ പേപ്പറില്‍ പോലും മുഖ്യമന്ത്രി ഒപ്പിട്ടു കൊടുക്കുമെന്നാണ് ആ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞത്. വൈകുന്നേരമായാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എങ്ങോട്ടാണ് പോകുന്നതെന്ന് ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചുമുള്ള മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ? ആ അവതാരം എത്ര സി.പി.എം നേതാക്കള്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. അവര്‍ക്കൊക്കെ എതിരെ കേസെടുത്തോ? ആരോപണ വിധേയര്‍ മാനനഷ്ടത്തിനെങ്കിലും കേസ് കൊടുത്തോ? പിണറായി വിജയന്‍ പി.ബി അംഗമായിരിക്കുന്ന പാര്‍ട്ടിയും ആരോപണവിധേയര്‍ക്കെതിരെ നടപടി എടുത്തോ? മറ്റൊരു സീനിയര്‍ എം.എല്‍.എയും മുന്‍മന്ത്രിയുമായ സി.പി.എം നേതാവിന്റെ വാട്സാപ് സന്ദേശം ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്. നടപടി എടുത്തോ? വിശദീകരണമെങ്കിലും ചോദിച്ചോ? മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുഖ്യമന്ത്രി അവതാരം എന്ന് വിശേഷിപ്പിച്ച ആളുമായി ബന്ധപ്പെട്ട് നൂറു ദിവസം ജയിലില്‍ കിടക്കുകയും പിന്നീട് പുറത്തിറങ്ങി ജയിലിലാകുകയും ചെയ്തു. ഈ ഏര്‍പ്പാട് മുഴുവന്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. എന്നിട്ടാണ് പരാതിയോ എഫ്.ഐ.ആറോ ഇല്ലാതെ ധാര്‍മ്മികതയുടെ പേരില്‍ നടപടി സ്വീകരിച്ച ഞങ്ങളെ ആക്ഷേപിക്കുന്നത്. ലൈംഗിക അപവാദ കേസുകളിലെ പ്രതികളെ ഇത്രയും സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും പിണറായി വിജയനെ പോലെ ഇന്ത്യയില്‍ മാറ്റാരുമുണ്ടാകില്ല. ഇതിനൊക്കെ ധൈര്യമുണ്ടെങ്കില്‍ മറുപടി പറയട്ടെ. ചോദിക്കുന്നതിനൊന്നും അല്ലെങ്കിലും മറുപടിയില്ലല്ലോ.

കളങ്കിത വ്യക്തിത്വമുള്ളയാള്‍ ചെന്നൈയില്‍ കമ്പനി തുടങ്ങി ഹവാലയും റിവേഴ്സ് ഹവാലയും നടത്തി മന്ത്രിമാരുടെയും നേതാക്കളുടെയും അക്കൗണ്ടിലേക്ക് പണം അയച്ചതിലും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നിട്ടും ഈ മുഖ്യമന്ത്രി ചെറുവിരല്‍ അനക്കിയോ? അതിനൊന്നും ഇന്നത്തെ പത്രസമ്മേളനത്തില്‍ പോലും മറുപടിയില്ല. അങ്ങനെയുള്ള മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. സ്വന്തമായി കണ്ണാടിയില്‍ നോക്കിയാല്‍ നിങ്ങള്‍ ആരെയൊക്കെയാണ് ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നതെന്ന് നിങ്ങള്‍ക്കു തന്നെ ബോധ്യമാകും. കണ്ണാടി നോക്കാതിരിക്കുന്നതു കൊണ്ടാണ് മറ്റുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്. ഞാന്‍ പ്രകോപിതനായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതൊക്കെ ആരാണ് പറയുന്നതെന്ന് ഓര്‍ക്കണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ എനിക്കാണ് മുഖ്യമന്ത്രി ഉപദേശംനല്‍കുന്നത്.

മുഖ്യമന്ത്രിയും ആരോപണവിധേയരും ചേര്‍ന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് കേരളത്തിലെ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ഞങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇവരെയൊന്നും സി.പി.എം ഒന്നും ചെയ്തില്ലല്ലോ സംരക്ഷിക്കുകയല്ലായിരുന്നോയെന്ന ഒഴിവുകഴിവുകള്‍ ഞങ്ങള്‍ക്കും പറയാമായിരുന്നു. പക്ഷെ അതിന് തയാറാകാതെ കോണ്‍ഗ്രസ് നടപടിയെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇങ്ങനെ ചെയ്തിട്ടും നിങ്ങള്‍ എന്തു ചെയ്തുവെന്ന് സി.പി.എമ്മിനോടാണ് മാധ്യമങ്ങള്‍ ചോദിക്കേണ്ടത്.

ബി.ജെ.പി നേതാവിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം വിശദീകരിക്കട്ടെ. സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലാണ് ആരോപണവിധേയന്‍ മറുപടി പറഞ്ഞത്. അത് ശരിയാണോയെന്ന് പരിശോധിക്കണം. സ്ത്രീയുടെ പരാതിയില്‍ എന്തു നടപടിയാണ് എടുക്കുന്നതെന്ന് ബി.ജെ.പി പറയട്ടെ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ വലിയ പൊട്ടിത്തെറിയായിരുന്നല്ലോ. അദ്ദേഹം എന്താണ് നടപടിയെടുക്കുന്നതെന്ന് കാണാമല്ലോ.

സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ നടപടി എടുത്തിട്ടും സി.പി.എം സമരവുമായി ഇറങ്ങിയിരിക്കുന്നത്. 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ജി.വി.കെ ഇ.എം.ആര്‍.ഐ എന്ന കമ്പനിക്ക് 517 കോടി രൂപയ്ക്കാണ് 2019-ല്‍ കരാര്‍ നല്‍കിയത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ കമ്പനിയുടെ തുക 293 കോടിയായി കുറഞ്ഞു. ആംബുലന്‍സിന്റെ എണ്ണവും ഡീസല്‍ വിലയും സ്പെയര്‍ പാര്‍ട്സ് വിലയും കൂടിയിട്ടും 224 കോടി രൂപയുടെ കുറവാണ് ഇത്തവണത്തെ ടെന്‍ഡറില്‍ ഉണ്ടായിരിക്കുന്നത്. അപ്പോള്‍ 2019-ല്‍ വാങ്ങിയ പണം എവിടെ പോയി. ഈ കമ്പനിക്ക് കൊടുക്കാന്‍ വേണ്ടി ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികളുടെ തുക ചോര്‍ത്തിയെന്നും ആരോപണമുണ്ട്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം.

ആറര പതിറ്റാണ്ടായുള്ള ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നതാണ് മറ്റൊരു അവകാശവാദം. 2024 ജൂണ്‍ വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഫീസ് ഈടാക്കി ക്രമവത്ക്കരിക്കുമെന്നാണ് ഭൂ പതിവ് ചട്ടത്തില്‍ പറയുന്നത്. 1500 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ളതിന് എന്തിനാണ് ഫീസ് ഈടാക്കുന്നത്. നേരത്തെ തന്നെ കെട്ടിട നിര്‍മ്മാണത്തിന് പണം അടച്ചവരില്‍ നിന്നാണ് വീണ്ടും ഫീസ് ഈടാക്കുന്നത്. 2024 ജൂണിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയവരെ കുറിച്ച് ഒരു സൂചനയുമില്ല. ഇനി വരാനുള്ള കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയാല്‍ ക്രമവത്ക്കരിക്കുമെന്നും പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ ഭൂപതിവ് ചട്ടം കൊണ്ട് വീണ്ടും ഫീസ് വാങ്ങുന്ന അധര്‍മ്മവും ഭൂ പ്രശ്നത്തെ വീണ്ടും സങ്കീര്‍ണമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് പുനപരിശോധിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രി അയ്യപ്പസ്വാമിയോടുള്ള സ്നേഹം പറഞ്ഞപ്പോള്‍ എനിക്കു പോലും ഭക്തി കൂടി. ശബരിമലയെ കുറിച്ച് ഇതല്ലല്ലോ അദ്ദേഹം പണ്ടു പറഞ്ഞത്. ശബരിമലയില്‍ എന്തെല്ലാം കുഴപ്പമാണ് പണ്ട് ഉണ്ടാക്കിയത്? പൊലീസിനെയും ചില ആളുകളെയും ഉപയോഗിച്ച് എന്തെല്ലാമാണ് കാട്ടിയത്. ആര് എതിര്‍ത്താലും സി.പി.എം നവോത്ഥാനസമിതിയില്‍ നിന്നും പിന്‍മാറില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ 2019-ല്‍ തോറ്റ് തൊപ്പിയിട്ടപ്പോള്‍ വീടുകളില്‍ കയറി സി.പി.എം മാപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്നും തിരച്ചടി കിട്ടിയപ്പോള്‍ ഭൂരിപക്ഷ പ്രീണനമാണ്. സംഘ്പരിവാറിനെ കൂടി ക്ഷണിക്കുമെന്നാണ് സി.പി.എം നിയോഗിച്ചിരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. സംഘ്പരിവാറിന് പ്രത്യേക പരവതാനി തന്നെ വിരിച്ചു കൊടുക്കണം. സംഘ്പരിവാറിനെ താലോലിക്കാനും ഭൂരിപക്ഷവര്‍ഗീയതയെ വളര്‍ത്താനും അയ്യപ്പന്റെ പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്റെ അനുവാദം ചോദിക്കാതെയാണ് അയ്യപ്പസംഗമത്തിന് പ്രതിപക്ഷ നേതാവ് ഉപരക്ഷാധികാരിയെന്ന തരത്തില്‍ സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയത്. വിശ്വാസവഞ്ചനയും തട്ടിപ്പും കാണിക്കുന്നവര്‍ക്കൊപ്പം ഞങ്ങളില്ല. കേസുകളൊക്കെ പിന്‍വലിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പലരും ഇപ്പോഴും കോടതികള്‍ കയറിയിറങ്ങി നടക്കുകയാണ്. ഒരു കേസും പിന്‍വലിച്ചിട്ടില്ല. പറഞ്ഞതൊന്നും മുഖ്യമന്ത്രി ചെയ്യുന്നില്ല. തോന്നിയതു പോലെ പ്രവര്‍ത്തിക്കുകയാണ്.

ഒരുപാട് വര്‍ത്തകള്‍ വരുമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ അതിന് തിരക്ക് പിടിക്കേണ്ട. കാളയെ അഴിച്ചു വിടരുതെന്നും പാര്‍ട്ടി ഓഫീസിന് മുന്നില്‍ കെട്ടണമെന്നും ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ആ കാളയെ ആവശ്യം വന്നല്ലോ. കളയെ ഇനിയും ആവശ്യം വരും. കാളയെ എങ്ങോട്ടാണ് കൊണ്ടു പോകേണ്ടതെന്നും മാത്രം ആലോചിച്ചാല്‍ മതി. ബോംബ് എന്നൊക്കെ പറഞ്ഞത് മാധ്യമങ്ങളാണ്. സി.പി.എം സൂക്ഷിക്കണമെന്നും ബി.ജെ.പി കാളയെ അഴിച്ചു വിടരുതെന്നുമാണ് പറഞ്ഞത്.

എ.ഐ ക്യാമറ സംബന്ധിച്ച് വിധിപകര്‍പ്പ് വന്നിട്ട് പറയാം. ഇപ്പോള്‍ പരാമര്‍ശം മാത്രമാണ് പുറത്തുവന്നത്. പക്ഷെ അഴിമതി ഇല്ലാതാകുന്നില്ല. ഇഷ്ടക്കാര്‍ക്കാണ് കരാറുകള്‍ നല്‍കിയത്. എല്ലാ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.

malayalampulse

malayalampulse