തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ തൃശൂർ ഡിഐജി ഹരിശങ്കർ, നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റിയതായാണ് വ്യക്തമാക്കിയിരിക്കുന്നത്.
ക്രൂരമർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി ശക്തമായത്. എന്നാൽ “കൈകൊണ്ട് ഇടിച്ചു” എന്ന കുറ്റം മാത്രമാണ് തെളിഞ്ഞതെന്നും, അതേ കേസാണ് കോടതിയും എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ നടപടിക്ക് ശുപാർശകളൊന്നുമില്ലെന്നും കോടതി ഉത്തരവിനുശേഷം മാത്രമേ തുടർ നടപടി ഉണ്ടാകുകയുള്ളുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2023 ഏപ്രിൽ 5-നാണ് സംഭവം നടന്നത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനദൃശ്യങ്ങൾ പുറത്തുവന്നത്.
സംഭവം:
സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഷർട്ടടക്കം ഊരിമാറ്റിയ നിലയിൽ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, പിന്നീട് മൂന്നു പൊലീസുകാർ ചേർന്ന് കുനിച്ചുനിർത്തി ക്രൂരമായി മർദിക്കുകയും ചെയ്തു.
📌 നിലവിൽ കേസ് നേരിട്ട് അന്വേഷിക്കുന്നത് കുന്നംകുളം കോടതിയാണ്.
