കോഴിക്കോട്: “അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ലേബൽ ചെയ്യപ്പെടുമെന്ന ഭയം തോന്നാറില്ല” — നടൻ ഷെയ്ൻ നിഗം.
ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയതിനാലാണ് അത് തുറന്ന് പറഞ്ഞതെന്നും, തനിക്ക് പ്രത്യേക രാഷ്ട്രീയമോ മതമോ ഇല്ലെന്നും ഷെയ്ൻ പറഞ്ഞു.
“രാജ്യങ്ങൾ തമ്മിലുള്ളോ മതങ്ങൾ തമ്മിലുള്ളോ വ്യത്യാസങ്ങൾ എനിക്ക് അറിയില്ല. നമ്മൾ ഒരാളെ സ്നേഹിക്കുന്നത് നിറമോ ജാതിയോ നോക്കിയിട്ടല്ല, അത് ഹൃദയത്തിൽ നിന്നുള്ള ഊർജമാണ്,” — ഷെയ്ൻ മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.
“ഭൂമിയിൽ പലരും പല രീതിയിൽ അനുഭവിക്കുന്നുണ്ട്. ഫലസ്തീനിലെ വാർത്തകൾ കണ്ടപ്പോൾ ഒരാൾക്കും സങ്കടം തോന്നാതിരിക്കില്ല. പക്ഷേ, പലരും തുറന്ന് പറയുന്നില്ല,” — ഷെയ്ൻ കൂട്ടിച്ചേർത്തു.
നിർമാതാവ് സന്തോഷ് ടി. കുരുവിളയും ഫലസ്തീൻ വിഷയത്തിൽ പ്രതികരിച്ചു.
“ഫലസ്തീനിലെ വാർത്തകൾ കാണാത്തവർ ആരുമില്ല. പക്ഷേ രാഷ്ട്രീയക്കാരല്ലാതെ പ്രതികരിക്കുന്നവർ കുറവാണ്. ഉള്ളിൽ പേടി കൊണ്ടാകാം പലരും തുറന്നു പറയാതെ ഇരിക്കുന്നത്. അനാവശ്യ പുലിവാൽ പിടിക്കേണ്ടതില്ലെന്നാണ് അവരുടെ ധാരണ,” — അദ്ദേഹം പറഞ്ഞു.
നടൻ ടോവിനോയുടെ നിലപാടുകളെ പലപ്പോഴും അംഗീകരിക്കുന്ന ഒരാളാണെന്നും, “ക്രിസ്ത്യാനികളെല്ലാം ഒന്നിച്ചു നിൽക്കണം എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസറുടെ സിനിമയിൽ ഒരിക്കലും അഭിനയിക്കില്ലെന്ന് ടോവിനോ പറഞ്ഞിട്ടുണ്ട്. ചുറ്റിലും അനാവശ്യ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നവരുണ്ട്” എന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.
