ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട നേതാവിന് നേതൃഗുണമില്ലെന്നും കോടതി പരാമര്‍ശിച്ചു.
വനിത ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗര്‍ഗിനാണ് അന്വേഷണ ചുമതല. “ഇത് മനുഷ്യനിര്‍മിത ദുരന്തമാണ്. കോടതി കണ്ണടച്ച് ഇരിക്കാൻ സാധിക്കില്ല. സ്ത്രീകളും കുട്ടികളും മരിക്കുമ്പോൾ നേതാവ് എങ്ങനെയാണ് സ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത്?” – ജസ്റ്റീസ് സെന്തില്‍കുമാര്‍ ചോദിച്ചു.
സ്വന്തം അണികള്‍ മരിച്ചിട്ടും അവരെ ഉപേക്ഷിച്ച് പോയതായി കോടതി കുറ്റപ്പെടുത്തി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയപ്പോൾ പോലും നേതാവിന് ഖേദമോ ക്ഷമാപണമോ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാൻ എന്താണ് തടസമെന്നു ചോദിച്ചും ശക്തമായ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയുമാണ് കോടതി ഇടപെട്ടത്.
