മുംബൈ ∙ അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകളും പിഴത്തീരുവകളും അവഗണിച്ച് ഇന്ത്യ റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി തുടർക്കഥയാക്കുകയാണ്. 2025 സെപ്റ്റംബറിലും റഷ്യയാണ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണകേന്ദ്രം, ഓഗസ്റ്റിനേക്കാൾ നേരിയ കുറവ് ഉണ്ടായെങ്കിലും ആധിപ്യം നിലനിൽക്കുന്നുവെന്ന് ആഗോള എണ്ണനീക്കങ്ങൾ നിരീക്ഷിക്കുന്ന കെപ്ലർ (Kpler) റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 33.8 ശതമാനം റഷ്യയിൽനിന്നാണ്. ഏപ്രിലിലെ 40.26 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ കുറവുണ്ടെങ്കിലും, റഷ്യ ഇപ്പോഴും പ്രധാന സ്രോതസ്സായി തുടരുന്നു. അതേസമയം, മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള മൊത്തം ഇറക്കുമതി 44 ശതമാനം ആണ് — ഇറാഖിൽനിന്ന് 18.7%, സൗദി അറേബ്യയിൽനിന്ന് 12.8%, യുഎഇയിൽനിന്ന് 12.6% എന്നിങ്ങനെ.
എണ്ണ സ്രോതസ്സ് വൈവിധ്യമാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ നൈജീരിയ (4.9%), അങ്കോള (2.7%), അമേരിക്ക (4.3%) എന്നിവിടങ്ങളിൽനിന്നും എണ്ണ എത്തിച്ചു.
കെപ്ലറിന്റെ കണക്കുകൾ പ്രകാരം, റഷ്യയിൽനിന്ന് ദിവസേന ശരാശരി 15.98 ലക്ഷം വീപ്പ എണ്ണയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഓഗസ്റ്റിനേക്കാൾ ഏകദേശം 10% കുറവാണിത്.
അമേരിക്കയുടെ സമ്മർദം പൂർണമായി ഫലപ്രദമായിട്ടില്ലെങ്കിലും, ഇന്ത്യൻ എണ്ണസംസ്കരണ കമ്പനികൾ റഷ്യൻ ആശ്രയത്വം കുറച്ച് പുതിയ വിപണികളിലേക്ക് നീങ്ങുന്നുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
