വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന്
ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി വാര്‍റൂമുകള്‍ ആരംഭിച്ചു. കേരളത്തിന്റെ വാര്‍റൂം ചുമതല കര്‍ണാടകയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമായ ഹര്‍ഷ കനാദത്തിന് നല്‍കി.
പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത് സുനില്‍ കനുഗോലുവിന്റെ സംഘം ആയിരിക്കും. മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും നിയമസഭാ രംഗത്തിറക്കിയാല്‍ കോണ്‍ഗ്രസിന് 60ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന് കനുഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍, എം കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ സുധാകരന്‍ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. അതേസമയം, യുവനേതാക്കള്‍ പുതുമുഖങ്ങള്‍ക്കും യുവപ്രതിഭകള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
ജ്യോതി വിജയകുമാര്‍, അരിത ബാബു, വീണ നായര്‍, റിജില്‍ മാക്കുറ്റി, ജെ എസ് അഖില്‍ തുടങ്ങിയ യുവ നേതാക്കളെ പരിഗണിക്കുന്നതായാണ് സൂചന.
2021-ലെ തിരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ കൂടുതലായിരുന്നുവെങ്കിലും സീറ്റുകളുടെ തിരഞ്ഞെടുപ്പില്‍ പിഴവുണ്ടായതായാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതു ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
