എറണാകുളം: ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി.
ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, ‘സംഘം കാവലുണ്ട്’ എന്നീ പരാമർശങ്ങൾ ഉൾപ്പെടെ ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ പ്രധാന നിർദേശം. ഇതിനെതിരെ നിർമ്മാതാക്കൾ ആവിഷ്കാര സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിർമാതാക്കളുടെ വാദമനുസരിച്ച്, സിനിമയിൽ നിന്നും 15 സീനുകൾ നീക്കം ചെയ്യണമെന്ന ബോർഡിന്റെ നിർദേശം ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായതാണ്. കോടതി അടുത്ത ചൊവ്വാഴ്ചയ്ക്കകം (14.10.25) സെൻസർ ബോർഡിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.
ജെവിജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഹാൽ ഷെയ്ൻ നിഗമിൻ്റെ കരിയറിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിഷാദ് കോയയുടേതാണ്; നായികയായി എത്തുന്നത് സാക്ഷി വൈദ്യയാണ്.
സെൻസർ ബോർഡ് മുന്നോട്ടുവച്ച കടുത്ത നിർദേശങ്ങൾ മലയാള സിനിമയിൽ പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലാണ് ഇപ്പോൾ സിനിമയുടെ റിലീസിനെ കുറിച്ചുള്ള പ്രതീക്ഷകൾ നിർണയിക്കുന്നത്.
