മുഖ്യമന്ത്രിയുടെ ഭീഷണി എംഎ ബേബിയോട് മതിയെന്ന് സതീശന്‍; സ്‌കൂളില്‍ ഹിജാബ് ധരിക്കാം; സ്വര്‍ണവില 94,000 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുമതി നല്‍കണം; സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റി; വി ശിവന്‍കുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

2. ‘മുഖ്യമന്ത്രി ഇനിയും സൂക്ഷിക്കണം; വൈകാരിക മറുപടിയല്ല കേരളത്തിന് വേണ്ടത്; ഭീഷണിയും പരിഹാസവും ബേബിയോട് മതി’

മകന് ഏതു കേസിലാണ് ഇഡി സമന്‍സെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. സമന്‍സില്‍ തുടര്‍നടപടി ഉണ്ടാകാതിരിക്കാന്‍ ആരാണ് ഇടപെട്ടതെന്ന് ഇഡിയും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഭീഷണിയും പരിഹാസവും തന്നോട് വേണ്ടെന്നും എംഎ ബേബിയോട് മതിയെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മില്‍ ബോംബ് പൊട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ ഇനിയും സൂക്ഷിക്കണമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

3. മൂന്ന് തവണ ചാഞ്ചാട്ടം, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവിന് പിന്നാലെ വീണ്ടും കുതിപ്പ്. ഇന്ന് മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്. രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിണ്ടും കുതിച്ചു. 94,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11, 765 രൂപയിലെത്തി.

4. ജയം അനായാസം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരി. 7 വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. രണ്ടാം ടെസ്റ്റില്‍ വിജയത്തിനാവശ്യമായ 121 റണ്‍സ് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങിനു ഇറങ്ങിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സാണ് ജയവും പരമ്പരയും ഉറപ്പിച്ചത്.

5. ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; പരസ്യമായി പരിഹാര ക്രിയ ചെയ്യണം; കത്തയച്ച് തന്ത്രി

ആറന്‍മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് ക്ഷേത്രം തന്ത്രി. പരസ്യമായി പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്തയച്ചു.

6 നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.

malayalampulse

malayalampulse