പാക് വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തിനായി യാത്ര ചെയ്തിരുന്ന കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് മരണപ്പെട്ടത്.

ആക്രമണത്തില്‍ ആകെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമേ അഞ്ചുപേരും ആക്രമണത്തില്‍ മരിച്ചതായാണ് വിവരം. എസിബി ഈ ആക്രമണത്തെ “ഭീരുത്വപരമായ നടപടി” എന്നു വിശേഷിപ്പിച്ചു.

സംഭവത്തിന് പിന്നാലെ അടുത്ത മാസം പാകിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ എസിബി, പാക് ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

അഫ്ഗാന്‍ ടി20 ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, താരങ്ങളായ മുഹമ്മദ് നബി, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്രമണത്തെ അപലപിച്ചു. പാകിസ്ഥാന്റെ സമീപകാല അതിര്‍ത്തി നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്ന് റാഷിദ് ഖാന്‍ വ്യക്തമാക്കി.

malayalampulse

malayalampulse