തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം കേരളം തയ്യാറാക്കിയത് ഒക്ടോബർ പതിനാറിന്. വ്യാഴാഴ്ചയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ധാരണാപത്രം ഒപ്പിടുമ്പോൾ ചിത്രം അതിൻ്റെ എടുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വാസുകി അനുവദിച്ചില്ല. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ധാരണാപത്രത്തില്‍ പറയുന്നുണ്ട്. പദ്ധതി ആരംഭിച്ചാല്‍ ഒരിക്കലും അവസാനിപ്പിക്കരുത്. സമഗ്ര ശിക്ഷാ കേരളയുടെ സംവിധാനങ്ങള്‍ അടക്കം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വാസുകിയും സമഗ്ര ശിക്ഷാ കേരള ഡയറക്ടർ സുപ്രിയ എ ആർ എന്നിവർ ചേർന്നാണ് ധാരണാപത്രം ഡൽഹിയിൽ എത്തിച്ചത്. കെ വാസുകിക്ക് പുറമേ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റെ സെക്രട്ടറി ധീരജ് സാഹുവാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഡറക്ടര്‍ പ്രീതി മീന, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചിത്ര എസ് എന്നിവരാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്. ധാരണാപത്രം ഒക്ടോബർ പതിനാറിന് തയ്യാറായിട്ടും മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മറച്ചുവെയ്ക്കുകയാണ് ചെയ്തത്. മന്ത്രി കെ രാജൻ വിമർശനം ഉന്നയിച്ചപ്പോഴും നിശബ്ദനായി തുടരുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയ്തത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് വ്യാഴാഴ്ച മാത്രമാണ്. മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ധാരണാപത്രത്തിലേക്ക് സര്‍ക്കാര്‍ കടന്നതെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന പരാതി. വാര്‍ത്ത പുറത്തുവന്നപ്പോള്‍ മാത്രമാണ് എല്‍ഡിഎഫിലെ പ്രധാന ഘടകക്ഷിയായ സിപിഐ പോലും ധാരണാപത്രത്തെക്കുറിച്ച് അറിയുന്നത്. ഇതോടെ സിപിഐ നിലപാട് കടുപ്പിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചത്. എല്‍ഡിഎഫില്‍ മാത്രമല്ല മന്ത്രിസഭയിലും ധാരണാപത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ഏപ്രിലിലും മന്ത്രിസഭയില്‍ ഈ വിഷയം ചര്‍ച്ചയില്‍ വന്നു. ആ രണ്ട് തവണയും നയപരമായ തീരുമാനങ്ങള്‍ക്കായി മാറ്റിവെച്ച വിഷയമാണ്. നയപരമായ തീരുമാനം വേണമെന്ന കാഴ്ചപ്പാടിന്റെ വിഷയത്തില്‍ മന്ത്രിസഭ മാറ്റിവെച്ച വിഷയം പിന്നീടൊരിക്കലും മന്ത്രിസഭയില്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
വിഷയം പഠിക്കാന്‍ സിപിഐ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ രാജാനും പി പ്രസാദിനുമാണ് ചുമതല. 27 ന് നടക്കുന്ന എക്‌സിക്യൂട്ടീവില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനാണ് നിര്‍ദേശം. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കും. എന്തുകൊണ്ട് എതിര്‍പ്പ് എന്ന കാര്യം കത്തില്‍ ബിനോയ് വിശ്വം വിശദീകരിക്കും.
