സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി

യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഔദ്യോഗിക തുടക്കം. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സ്പെഷ്യല്‍ ഇന്‍റ്റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന്റെ ഉദ്ഘാടനം നടത്തിയത്.

യോഗ്യരായ ഒരു വോട്ടറെയും പുതുക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍പട്ടിക അനിവാര്യമാണെന്നും, വേഗതയുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

എന്യൂമറേഷന്‍ ഫോമുകളുടെ അച്ചടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതനുസരിച്ച്, സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ 4 മുതല്‍ ആരംഭിക്കും.

അതേസമയം, എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

malayalampulse

malayalampulse