ഓഹരി വിപണി തകർച്ചയിലേക്കോ? സിഗ്നൽ നൽകി ഗിഫ്റ്റ് നിഫ്റ്റി; ഇന്ത്യയെ എങ്ങനെ ബാധിക്കും?
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാനുമാവില്ല; ട്രംപിനെ പിണക്കാനും വയ്യ! ഇന്ത്യയ്ക്കുമേൽ 50% ‘ഇടിത്തീരുവ’ ചുമത്തി തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ത്രിശങ്കുവിലാക്കി. സുഹൃദ് രാജ്യമാണെന്ന പരിഗണന പോലും നൽകാതെ ഇന്ത്യയെ ഏതാനും നാളുകളായി റഷ്യൻ എണ്ണ ആയുധമാക്കി കടന്നാക്രമിക്കുകയാണ് ട്രംപ്. 25% തീരുവയ്ക്ക് പുറമെ 25% പിഴയും കൂടി ചുമത്തിയതോടെ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി നിർത്തിവയ്ക്കേണ്ട സ്ഥിതിപോലുമുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
അതേസമയം, ഓഗസ്റ്റ് 27നാണ് പുതുക്കിയ തീരുവ പ്രാബല്യത്തിലാകുന്നത്. അതിനകം യുഎസുമായി ചർച്ച നടത്തി സമവായത്തിലെത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. റഷ്യയുമായി യുഎസ് ചർച്ചകൾ നടത്തുന്നതിനിടെയാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയം. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി 3 മണിക്കൂർ ചർച്ച നടത്തി. ചർച്ച ആശാവഹമായിരുന്നെന്ന് മോസ്കോ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപ് വൈകാതെ പുട്ടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയിൽ സമവായമുണ്ടായാൽ അത് ഇന്ത്യയ്ക്കും നേട്ടമാകും.
തള്ളാനും കൊള്ളാനും വയ്യാതെ ഇന്ത്യ
നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഈ വർഷം ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യൻ കസ്റ്റംസ് വകുപ്പിന്റെ കണക്കനുസരിച്ച് 2025ന്റെ ആദ്യ 5 മാസത്തില് ഇന്ത്യ 19.5 ബില്യൻ ഡോളറിന്റെ റഷ്യൻ എണ്ണ ഇറക്കുമതി നടത്തി. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം മാത്രം ഇന്ത്യ ഇറക്കുമതി ചെയ്തത് 137 ബില്യൻ ഡോളറിന്റെ എണ്ണയാണ്. ഉപഭോഗത്തിന്റെ 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഇന്ത്യ പ്രതിദിനം 5 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ 2 മില്യനാണ് റഷ്യയിൽ നിന്നെത്തുന്നത്. റഷ്യയോട് മുഖംതിരിച്ചാൽ ഈ 2 മില്യനു ബദൽ ഇന്ത്യ കണ്ടെത്തേണ്ടി വരും.
സൗദിയും യുഎഇയും ഇറാക്കും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെ ആശ്രയിച്ചാൽ വില വർധനയ്ക്ക് പുറമെ ക്രൂഡ് ഇനത്തിലെ വ്യത്യാസവും ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകും.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നത് സംബന്ധിച്ച് ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്രം ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ല.
ഓഹരി വിപണി ചോരപ്പുഴയോ?
ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചത് ഓഹരി വിപണിക്ക് വൻ തിരിച്ചടിയായേക്കും. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 62 പോയിന്റ് താഴ്ന്ന് വ്യാപാരം ചെയ്തത് ഇതിനുള്ള സൂചനയും നൽകുന്നു. ഇന്നലെ നിഫ്റ്റി 75 പോയിന്റ് (-0.31%) താഴ്ന്ന് 24,575ലും സെൻസെക്സ് 166 പോയിന്റ് (-0.21%) നഷ്ടവുമായി 80,543ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ റിസർവ് ബാങ്ക് പണനയത്തിൽ പലിശനിരക്ക് കുറയ്ക്കാതിരുന്നത് ഓഹരി വിപണിയെ നിരാശപ്പെടുത്തുകയായിരുന്നു. യുഎസ് ഓഹരി വിപണികൾ നേട്ടത്തിലാണുള്ളത്. ട്രംപ് സെമികണ്ടക്ടർ ഇറക്കുമതിക്ക് 100% താരിഫ് ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പക്ഷേ, അത് യുഎസ് ഓഹരികളെ അലട്ടിയില്ല. ആപ്പിളിന്റെ ഓഹരിവില 3% കയറുകയും ചെയ്തു. യുസിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ഈ താരിഫ് ബാധകമാവില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തേ പ്രഖ്യാപിച്ച 500 ബില്യനു പുറമെ 100 ബില്യന്റെ നിക്ഷേപം കൂടി യുഎസിൽ നടത്തുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ട്രംപിന്റെ കനത്ത തീരുവ ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വൻ തിരിച്ചടിയാണ്. ടെക്സ്റ്റൈൽസ്, കെമിക്കൽ, സീഫുഡ്, സ്റ്റീൽ, അലുമിനിയം, ജെം ആൻഡ് ജ്വല്ലറി, മെഷിനറി, വാഹന ഘടകങ്ങൾ തുടങ്ങിയ കയറ്റുമതി മേഖലയെയും ആ രംഗത്തെ കമ്പനികളുടെ ഓഹരികളെയും അതു സാരമായി ബാധിക്കും. അതേസമയം, ഇന്ത്യയുടെ ജിഡിപിയിൽ യുഎസിലേക്കുള്ള കയറ്റുമതിയുടെ സംഭാവന വെറും രണ്ടു ശതമാനമാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനവുമായി യുഎസ് ഒന്നാമതുമാണ്.
ഇന്ത്യ കയറ്റുമതി ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വൈവിധ്യവൽക്കരിക്കേണ്ടി വരും. മറ്റൊന്ന് ഇന്ത്യ ആഭ്യന്തര ഉപഭോഗ സമ്പദ്വ്യവസ്ഥയാണെന്ന നേട്ടമാണ്. ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ 22% ആണ് കയറ്റുമതിയുടെ പങ്ക്. വിയറ്റ്നാമിന് ഇത് 87 ശതമാനമാണ്. തായ്ലൻഡിന് 65%, ടർക്കിക്ക് 32%, ഫിലിപ്പീൻസിന് 27%. അതായത്, ട്രംപിന്റെ താരിഫ് കയറ്റുമതി മേഖലയ്ക്കും ആ രംഗത്തെ തൊഴിലുകൾക്കും തിരിച്ചടിയാണെങ്കിലും ഇന്ത്യയുടെ ജിഡിപി കാര്യമായി ഉലയില്ലെന്ന് കണക്കുകൾ പറയുന്നു. അമേരിക്കയ്ക്കുമേൽ ഏതെങ്കിലും രാജ്യം അധികത്തീരുവ ചുമത്തി തിരിച്ചടിക്കാൻ നോക്കിയാൽ, തീരുവ വീണ്ടും കൂട്ടുമെന്ന ഭീഷണി ട്രംപ് മുഴക്കിയിട്ടുണ്ട്. ഇന്ത്യ അമേരിക്കയ്ക്ക് എതിരെ നീങ്ങുന്നതിന് തടയിടുകയാണ് ലക്ഷ്യം.
https://www.malayalampulse
