ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും – പ്രധാനമന്ത്രി മോദി

ചെങ്കോട്ട സ്‌ഫോടനം; പിന്നിലുള്ളവരെ വെറുതെവിടില്ല, ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും- പ്രധാനമന്ത്രി

ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്.

‘ഇന്ന് വളരെ വേദനയോടെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ മോദി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ ‘വേഗത്തിലും സമഗ്രമായും’ അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

malayalampulse

malayalampulse