എൻ. പ്രശാന്ത് ഐഎഎസിനെതിരെ പ്രസിദ്ധീകരിച്ച അപകീർത്തികരമായ വാർത്തകൾ പുനഃപ്രസിദ്ധീകരിക്കരുതെന്നും, വെബ്‌സൈറ്റ്, ഇ–പേപ്പർ, സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം നീക്കണമെന്നും തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതി മാതൃഭൂമിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു മാതൃഭൂമിയുടെ വാർത്ത. ‘വ്യാജ ഹാജർ രേഖപ്പെടുത്തി’, ‘ഉന്നതി’ പദ്ധതിയിലെ ഫയലുകൾ പുതിയ സി.ഇ.ഒ ഗോപാലകൃഷ്ണന് കൈമാറാതെ മുക്കി’ തുടങ്ങിയ ആരോപണങ്ങളാണ് വാർത്തയിൽ ഉൾപ്പെട്ടിരുന്നത്.
വാർത്തകൾ തികച്ചും തെറ്റായതും മനഃപൂർവ്വമായ അപകീർത്തിപ്പെടുത്തലുമാണ് എന്നാരോപിച്ച് എൻ. പ്രശാന്ത് ഐഎഎസ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്. കേസ് സ്വീകരിച്ച കോടതി മാതൃഭൂമിയുടെ സീനിയർ റിപ്പോർട്ടർ ബിജു പരവത്ത്, പത്രാധിപർ മനോജ് കെ. ദാസ്, പ്രസാധകൻ പി.വി. നിധീഷ്, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എന്നിവർക്കെതിരെ സമൻസ് അയക്കാനും നിർദേശിച്ചു.
ഒരു ഐഎഎസ് ഓഫീസറുടെ ഹാജർ, അച്ചടക്ക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ cadre-controlling authorityയുടെ അനുമതിയോടെ മാത്രമേ തയ്യാറാക്കാൻ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് റിപ്പോർട്ട് സൃഷ്ടിച്ചതെന്നും, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് RTI വഴി മൂന്നാം കക്ഷിക്ക് നൽകിയത് നിയമവിരുദ്ധം ആണെന്നും പ്രശാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.
മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ ഉള്ളടക്കം പിന്നീട് തെറ്റാണെന്ന് മറ്റു മാധ്യമങ്ങളിൽ വ്യക്തമായിട്ടും വാർത്ത പിന്‍വലിക്കാത്തത് മനഃപൂർവ്വ ദോഷബുദ്ധിയുടെ തെളിവാണ് എന്ന് പ്രശാന്ത് കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ പറയുന്നു.
പ്രശാന്തിന് വേണ്ടി അഡ്വ. ബോറിസ് പോൾ, അഡ്വ. സാജൻ സേവ്യർ, അഡ്വ. മനോജ് ശ്രീധർ എന്നിവർ ഹാജരായി.
