വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയിട്ടുണ്ട്. ഇതിൽ പകുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ബാക്കി പകുതി റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് പിഴയായി ചുമത്തിയിട്ടുണ്ട്. ആഗസ്ത് 27 മുതൽ പ്രാബല്യത്തിൽ വരും.
50% തീരുവ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഒരു മാധ്യമപ്രവര്‍ത്തകൻ ചോദിച്ചപ്പോൾ “ഇല്ല, അത് പരിഹരിക്കുന്നതുവരെ വേണ്ട” ട്രംപ് തോളിൽ തട്ടി പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെയായിരുന്നു നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തിയത്. ‘ഇന്ത്യാ ഗവൺമെന്റ് നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ വസ്തുക്കൾക്ക് 25 ശതമാനം അധിക തീരുവ നിരക്ക് ബാധകമായിരിക്കും.’ എന്നായിരുന്നു ഉത്തരവ്.
റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും ഊർജ്ജവും വാങ്ങുന്നതിന് പിഴയ്ക്ക് പുറമേ ഇന്ത്യ 25% തീരുവ നൽകുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അത്തരമൊരു പിഴ എങ്ങനെയായിരിക്കുമെന്ന് അന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ട്രംപ് ചൊവ്വാഴ്ച പറഞ്ഞത് ‘അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ മേലുള്ള തീരുവ വളരെ ഗണ്യമായി ഉയർത്തുമെന്നാണ്. അമേരിക്കയുടെ നടപടി നീതീകരിക്കാൻ ആകാത്തതും അങ്ങേയറ്റം ദൗർഭാഗ്യകരമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.
