ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഈ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. ‘നോട്ട’യ്ക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിലും സുപ്രീം കോടതി വാദം കേള്‍ക്കും. ഇവരിലാരുമല്ല- None of the above(NOTA)- എന്ന കോളത്തിൽ വോട്ടു രേഖപ്പെടുത്തുന്നതിനാണ് നോട്ട എന്നു ചുരുക്കിപ്പറയുന്നത്.
‘വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി’ എന്ന സംഘടനയാണ് ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മത്സരരംഗത്തുള്ള ഏക സ്ഥാനാര്‍ത്ഥിയെ തങ്ങളുടെ പ്രതിനിധിയായി നിയമനിര്‍മ്മാണ സഭകളിലേക്ക് അയക്കുന്നതിനോട് ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും താത്പര്യം ഇല്ലെങ്കില്‍ അവര്‍ ‘നോട്ട’യ്ക്ക് വോട്ട് രേഖപ്പെടുത്തില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞു. അതിനാല്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം കൗതുകകരവും പ്രധാനപ്പെട്ടതും ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിരളമായി മാത്രമാണ് ഒരു സ്ഥാനാര്‍ത്ഥി മാത്രം മത്സരരംഗത്ത് അവശേഷിക്കുന്ന സാഹചര്യമുണ്ടാകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 1951-ന് ശേഷം ഒമ്പത് തവണ മാത്രമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് വിജയം ഉണ്ടായതെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
1991-ന് ശേഷം ഒരു തവണ മാത്രമാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും തിരഞ്ഞെടുപ്പ് നടത്തി ‘നോട്ട’യ്ക്ക് ലഭിച്ച വോട്ടുകള്‍ എണ്ണണമെന്ന ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ശക്തമായി എതിര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.
