തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് തുടർനടപടികൾക്കായി നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
രാഹുലിനൊപ്പം സുഹൃത്ത് ജോബി ജോസഫിനെയും കേസിലെ രണ്ടാം പ്രതിയായി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. അടൂർ സ്വദേശിയായ ജോബി ജോസഫിന്റെ മൊബൈൽ ഇന്നലെ മുതൽ സ്വിച്ച് ഓഫ് ആണ്; ഒളിവിൽ പോയതായി പൊലീസ് വിലയിരുത്തുന്നു.
പരാതി പ്രകാരം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, തുടർന്ന് നിർബന്ധിതമായി ഗർഭഛിദ്രം വരുത്തിച്ചു എന്നീ അതീവ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ മൊഴി കഴിഞ്ഞ രാത്രി പൊലീസ് രേഖപ്പെടുത്തി. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും അതിജീവിത പൊലീസിന് കൈമാറിയതായി അറിയിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ
IT ACT 68 (e) BNS 64 – ബലാത്സംഗം
BNS 64(2) – നിരന്തരം പീഡിപ്പിക്കൽ
BNS 64(f) – ഉപദ്രവിക്കൽ
BNS 64(h) – അധികാരം ഉപയോഗിച്ച് പീഡിപ്പിക്കൽ
BNS 64(m) – ഒരേ സ്ത്രീയെ തുടർച്ചയായി പീഡിപ്പിക്കൽ
BNS 89 – നിർബന്ധിത ഭ്രൂണഹത്യ (പരമാവധി 10 വർഷം തടവ്)
BNS 316 – വിശ്വാസവഞ്ചന
തിരുവനന്തപുരത്തെ റൂറൽ എസ്.പി അന്വേഷണം മേൽനോട്ടം വഹിക്കും.
