വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിൽ സംഘർഷം; പ്രതിപക്ഷ എംപിമാർ അറസ്റ്റിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നിരവധി എംപിമാർ മാർച്ചിൽ പങ്കെടുത്തു.

പോലീസ് പ്രതിഷേധ മാർച്ച് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചപ്പോൾ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. “ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ, ചികിത്സ നൽകണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വ്യക്തമാക്കി. 30,000 കള്ള മേൽവിലാസങ്ങൾ ഉണ്ടെന്ന വാദം തെറ്റിദ്ധാരണാജനകമാണെന്നും കമ്മീഷൻ അറിയിച്ചു. ശകുൻ റാണി എന്ന എഴുപതുകാരി രണ്ട് തവണ വോട്ടു ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ, കർണാടക സിഇഒ നേരത്തെ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.

malayalampulse

malayalampulse