ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പുതിയ പഠനം പ്രകാരം, തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും അൽഷിമേഴ്സ് രോഗ പ്രതിരോധത്തിനും ലിഥിയം നിർണായകമാണ്. എലികളിലും മനുഷ്യന്റെ തലച്ചോർ ടിഷ്യുകളിലും നടത്തിയ പരിശോധനകളിലാണ് കണ്ടെത്തൽ.
അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ ട്രേസ് മെറ്റൽസ് പോലെ തന്നെ ചെറിയ അളവിലുള്ള ലിഥിയവും തലച്ചോറിന്റെ സാധാരണ പ്രവർത്തനം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ന്യൂറോഡീജനറേഷൻ തടയാനുള്ള കഴിവും ലിഥിയത്തിന് ഉണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കുടിവെള്ളമാണ് ലിഥിയം ശരീരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന മാർഗം. ലിഥിയം അടങ്ങിയ മണ്ണിൽ വളരുന്ന ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയും ഈ പോഷകത്തിന്റെ നല്ല ഉറവിടങ്ങളാണ്.
ലിഥിയം അടങ്ങിയേക്കാവുന്ന ഭക്ഷണങ്ങൾ:
ധാന്യങ്ങൾ: ഗോതമ്പ്, അരി, ഓട്സ് പയർവർഗങ്ങൾ: പരിപ്പ്, ബീൻസ്, കടല പച്ചക്കറികൾ: ഉരുളക്കിഴങ്ങ്, കാബേജ്, ചില ഇലക്കറികൾ
ലിഥിയത്തിന്റെ സ്വാഭാവിക സാന്നിധ്യം തലച്ചോറിൽ വ്യക്തമാക്കുന്ന ആദ്യ പഠനമാണിതെന്നും ഗവേഷകർ പറയുന്നു. ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള പോഷകമായി ലിഥിയം ഭാവിയിൽ കൂടുതൽ പ്രാധാന്യമാർജ്ജിക്കാനിടയുണ്ട്.
