ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്) നിന്ന് യു.പി.ഐ വഴി പണം പിൻവലിക്കാനുള്ള സംവിധാനം ഏപ്രിലോടെ പ്രാബല്യത്തിലാകും. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനായുള്ള സോഫ്റ്റ്വെയർ പരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ സംവിധാനത്തിലൂടെ പി.എഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും യു.പി.ഐ പ്ലാറ്റ്ഫോമുകൾ വഴി തന്നെ പണം പിൻവലിക്കാനും സാധിക്കും. ഏകദേശം എട്ട് കോടി പി.എഫ് ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
യു.പി.ഐ വഴി പിൻവലിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. തുടർന്ന് എ.ടി.എം വഴിയോ ഓൺലൈൻ ഇടപാടുകൾക്കായോ ഈ തുക ഉപയോഗിക്കാം. 2025 ജൂണിൽ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങൾ കാരണം അത് നീണ്ടുപോയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ ഇ.പി.എഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ ഇ.പി.എഫ്.ഒയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകേണ്ടതും ഒരാഴ്ചയിലധികം സമയം കാത്തിരിക്കേണ്ടതുമാണ്. ഈ പ്രക്രിയ കൂടുതൽ സുതാര്യവും എളുപ്പവുമായും വേഗത്തിലുമായും മാറ്റുകയെന്നതാണ് ഇ.പി.എഫ്.ഒയുടെ ലക്ഷ്യം.
അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പി.എഫിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, രോഗചികിത്സ, വിവാഹം, വീടുനിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധിയിലാണ് ഈ വർധനവ്.
