സുരേഷ് ഗോപിക്കെതിരെ വ്യാജ വോട്ട് ചേർത്തെന്നാരോപണം; ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നിയമവിരുദ്ധമായ രീതിയിൽ വോട്ട് ചേർത്തെന്നാരോപിച്ച് കെപിസിസി രാഷ്ട്രീയകാര്യാ സമിതി അംഗം ടിഎൻ പ്രതാപൻ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി, തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായിട്ടും, തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത് ജനപ്രാതിനിധ്യ നിയമവിരുദ്ധമാണെന്നും ക്രിമിനൽ ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു.

പ്രതാപൻ ആരോപിക്കുന്നത് പ്രകാരം, പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലെ 22/1788 നമ്പർ വീട്ടിലാണ് സ്ഥിര താമസം. തിരുവനന്തപുരം കോർപറേഷൻ വോട്ടർ പട്ടികയിൽ കുടുംബാംഗങ്ങളുടെ പേരുകൾ ഇപ്പോഴും തുടരുന്നുവെന്നത് കൃത്രിമത്തിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപി തൃശൂരിൽ വോട്ട് ചേർക്കുമ്പോൾ നൽകിയ സ്ഥിരതാമസ സർട്ടിഫിക്കറ്റും സത്യവാങ്മൂലവും അസത്യമായിരുന്നുവെന്നും, ഇതേ വിലാസം കാണിച്ച് അദ്ദേഹത്തിന്റെ സഹോദരനുൾപ്പെടെ 11 പേരുടെ പേരുകൾ പട്ടികയിൽ ചേർത്തതായും പരാതിയിൽ ആരോപിക്കുന്നു.

ഇത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നും, കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. സമാനമായ രീതിയിൽ മുമ്പും സുരേഷ് ഗോപിക്കെതിരെ കേസ് നിലവിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എഐസിസി അംഗം അനിൽ അക്കര എന്നിവരോടൊപ്പം ടിഎൻ പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതിപത്രം കൈമാറി. കൂടാതെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനമായി. കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറ‍ഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

malayalampulse

malayalampulse