രാഹുലിന്റെ ‘വോട്ടർ അധികാർ യാത്ര’ ബീഹാറിൽ ആരംഭിക്കുന്നു
ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 3-ന് വാർത്താസമ്മേളനം വിളിച്ചു. നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ഈ പത്രസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് അംഗങ്ങളും പങ്കെടുക്കും. ഗ്യാനേഷ് കുമാർ ചുമതലയേറ്റതിന് ശേഷം നടത്തുന്ന ആദ്യത്തെ പത്രസമ്മേളനമാണിത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കുമെന്നും, കരട് വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ ശേഷമാണ് അന്തിമ രൂപം നൽകുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ബീഹാറിലെ സസാറാമിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’യ്ക്ക് തുടക്കം കുറിച്ചു. 16 ദിവസത്തിൽ 1300 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപിക്കും. തേജസ്വി യാദവും യാത്രയിൽ പങ്കെടുക്കുന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിന് മറുപടിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
