തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; “നിങ്ങൾ മൂന്ന് പേർക്കുമെതിരെ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ നടപടിയെടുക്കും”

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിനും വിവേക് ജോഷിക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിഹാറിലെ ഗയയിൽ നടന്ന വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. തേജസ്വി യാദവ് അന്നവിടെ സന്നിഹിതനായിരുന്നു.

“വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിനോടുള്ള ആക്രമണമാണിത്. ബിഹാറിനായി കമ്മീഷൻ എസ്‌ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രീതിയാണ് കൊണ്ടുവന്നിരിക്കുന്നത്. കുറച്ച് സമയം കൂടി ലഭിച്ചാൽ നിങ്ങൾ നടത്തിയ എല്ലാ വോട്ട് മോഷണങ്ങളും ഞങ്ങൾ തെളിവുകളോടെ ജനങ്ങൾക്കു മുന്നിൽ വെക്കും. അന്ന് രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,” — രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ട് മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒപ്പിട്ട സത്യവാങ്മൂലമായി നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏഴ് ദിവസം സമയം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ കടുത്ത പ്രതികരണം.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുമുമ്പ്, പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച വോട്ട് മോഷണാരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അവയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്നും വ്യക്തമാക്കിയിരുന്നു.

malayalampulse

malayalampulse