ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ദില്ലി: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദ് സ്വദേശിയായ സുദർശൻ റെഡ്ഡി സുപ്രീംകോടതി മുൻ ജഡ്ജിയുമാണ്.

ഒറ്റക്കെട്ടായാണ് സഖ്യം സ്ഥാനാർഥിത്വം നിശ്ചയിച്ചത്. “ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന്” നേതാക്കൾ വ്യക്തമാക്കി. ജനസംഖ്യയുടെ 60% പ്രതിനിധീകരിക്കുന്ന പാർട്ടികൾ ചേർന്ന് തന്നെ സ്ഥാനാർഥിയാക്കിയതിൽ സന്തോഷമുണ്ടെന്ന് സുദർശൻ റെഡ്ഡി പ്രതികരിച്ചു.

സിപി രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള എൻഡിഎയുടെ നീക്കം തകർത്താണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ സമ്മർദ്ദത്തിലാക്കാൻ ബിജെപി ഡിഎംകെയെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും, പ്രതിപക്ഷം “സുദർശന ചക്രം” പ്രയോഗിച്ചെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

നിലവിലെ ശക്തി: എൻഡിഎയ്ക്ക് 427 വോട്ടും, ഇന്ത്യ സഖ്യത്തിന് 350 വോട്ടുമാണ്. കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെറും 182 വോട്ടുകൾ നേടിയ പ്രതിപക്ഷത്തിന് ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ.

ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ ജീവിതം:

1946 ജൂലൈ 8-ന് ആന്ധ്രാപ്രദേശിൽ ജനനം. 1971: ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988–90: ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ. 1990: ആറുമാസം കേന്ദ്ര സർക്കാരിന്‍റെ അഡിഷണൽ സോളിസിറ്റർ ജനറൽ. 1995: ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി. 2005: ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2007–2011: സുപ്രീം കോടതി ജഡ്ജി. തുടർന്ന് ഗോവ ലോകായുക്തയായി സേവനം.

malayalampulse

malayalampulse