കൊച്ചി: വടക്കൻ പറവൂരിൽ വട്ടിപ്പലിശക്കാരായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. കോട്ടുവള്ളി സ്വദേശി ആശ ബെനിയാണ് ഇന്നലെ പുഴയിൽ ചാടി ജീവനൊടുത്തത്.
ആശയുടെ വീട്ടിൽ നിന്നു ലഭിച്ച കുറിപ്പിലാണ് ഭീഷണിയുടെ വിശദാംശങ്ങൾ. രണ്ട് വർഷം മുൻപ് വാങ്ങിയ 10 ലക്ഷം രൂപയുടെ കടത്തിന് 24 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. മുതലിന്റെ മൂന്നിരട്ടിവരെ മടക്കി നൽകിയിട്ടും ഭീഷണി തുടർന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
“വട്ടിപ്പലിശക്കാർ വന്ന് പ്രശ്നമുണ്ടാക്കി. നിങ്ങളെയും മക്കളെയും ജീവിക്കാൻ അനുവദിക്കില്ല” – ഇതായിരുന്നു ആശ നേരിടേണ്ടി വന്ന ഭീഷണി. സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാണ് സംഭവം അറിഞ്ഞതെന്നും, പൊലീസ് ഇടപെടാൻ തയ്യാറായില്ലെന്നും ഭർത്താവ് പറഞ്ഞു.
സ്റ്റേഷനിലും വീട്ടിലും ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പോലീസ് പരാതി സ്വീകരിച്ചില്ല എന്നും കേസെടുക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയടക്കം പരാതി നൽകാൻ തീരുമാനിച്ചു.
