തിരുവനന്തപുരം ∙ അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും, അപ്പോൾ മാധ്യമപ്രവർത്തകർക്ക് പെൻഷൻ വർധനയും ആരോഗ്യ ഇൻഷുറൻസും നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
സീനിയർ ജേണലിസ്റ്റ് ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകരുടെ അഖിലേന്ത്യ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഞാൻ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെക്കൂ. ഭരണത്തിൽ വന്നാൽ നേരിട്ട് ചോദിക്കാം,” എന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകമെങ്ങും ഏകാധിപത്യ ഭരണാധികാരികൾ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന സാഹചര്യമാണെന്നും, മാധ്യമങ്ങളെ മറ്റൊരു സർക്കാർ വകുപ്പായി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം ഗുരുതരമാണെന്നും അദ്ദേഹം ആരോപിച്ചു.
“ഇ.ഡിയുടെ ഭീഷണിയിൽ വലിയ മാധ്യമസ്ഥാപനങ്ങൾ പോലും പ്രതികരിക്കുന്നില്ല. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയതും സർക്കാർ വിരുദ്ധ വാർത്തകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചതും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടികളാണ്,” എന്നും സതീശൻ പറഞ്ഞു.
“ഒരു മാസം തടവിൽ കഴിയുന്ന ജനപ്രതിനിധിയെയും മന്ത്രിയെയും അയോഗ്യരാക്കുന്ന കേന്ദ്ര നിയമ നീക്കം പൂർണ്ണമായും ജനാധിപത്യ വിരുദ്ധമാണ്,” എന്നും അദ്ദേഹം വിമർശിച്ചു.
യോഗത്തിൽ എസ്.ജെ.എഫ്.കെ വൈസ് പ്രസിഡന്റ് ടി. ശശി മോഹൻ, കെ.യു.ഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.
