ആഗോള അയ്യപ്പ സംഗമം: രാഷ്ട്രീയ കാപട്യമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത വിമർശനവുമായി. പരിപാടിയിൽ യുഡിഎഫ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാരിന്റെ മറുപടി വന്നശേഷം മാത്രമേ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യവാങ്മൂലം പിന്‍വലിക്കൽ, ശബരിമല ആചാരസംരക്ഷണത്തിനായി നടന്ന സമരങ്ങളിലെ കേസുകൾ പിൻവലിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് യുഡിഎഫ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുന്നത്. “ആചാരലംഘനത്തിന് വഴിയൊരുക്കിയ സത്യവാങ്മൂലം പിൻവലിക്കുമോ? സമരങ്ങളിൽ പങ്കെടുത്ത ഭക്തന്മാർക്കെതിരെ എടുത്ത കേസുകൾ സർക്കാർ ഒഴിവാക്കുമോ? ശബരിമലയുടെ യഥാർത്ഥ വികസനത്തിന് എന്താണ് ചെയ്തത്?” എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ വിഡി സതീശൻ സർക്കാരിന് മുന്നിൽ ഉന്നയിച്ചു.

“തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സർക്കാർ അയ്യപ്പ സംഗമവുമായി വരുന്നത്. ശബരിമലയെ മുൻനിർത്തിയുള്ള രാഷ്ട്രീയ കാപട്യമാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ പോലും അപര്യാപ്തമായി നൽകി കൊണ്ടിരിക്കെ, അവിടെ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല,” എന്നും അദ്ദേഹം ആരോപിച്ചു.

വാർത്താസമ്മേളനത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പങ്കെടുത്തു. “ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുമോ, പങ്കെടുക്കുമോ എന്ന കാര്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. ആദ്യം സർക്കാർ ചോദ്യങ്ങൾക്ക് മറുപടി പറയണം. അതിനു ശേഷമേ യുഡിഎഫിനെ ക്ഷണിച്ചാൽ നിലപാട് വ്യക്തമാക്കാനാകൂ,” എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

malayalampulse

malayalampulse