വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രം ഹാജർ; കോടതിയെ വിശ്രമസ്ഥലമായി കണ്ടുവെന്ന് പരാമർശം
കൊച്ചി:. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകനെതിരെ വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ നടപടികൾക്കിടയിൽ അഭിഭാഷകന്റെ സമീപനം തികച്ചും നിരാശാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.
വിചാരണ നീണ്ടുനിന്ന കാലയളവിൽ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹാജരായ ദിവസങ്ങളിലും അരമണിക്കൂറോളം മാത്രമാണ് കോടതിയിൽ ഉണ്ടായിരുന്നതെന്നും, ആ സമയങ്ങളിൽ ഉറങ്ങുന്നതാണ് പതിവായിരുന്നുവെന്നും കോടതി വിമർശിച്ചു. കോടതി ഒരു വിശ്രമസ്ഥലം പോലെ ഉപയോഗിക്കുന്ന രീതിയിലായിരുന്നു അഭിഭാഷകന്റെ സമീപനമെന്നും കോടതി വ്യക്തമാക്കി.
ഇത്തരമൊരു നിലപാട് സ്വീകരിച്ച ശേഷമാണ് കോടതി കാര്യങ്ങൾ കേട്ടില്ലെന്നും പരിഗണിച്ചില്ലെന്നും ആരോപണം ഉന്നയിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ഇന്നത്തെ ദിവസവും അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല.
സർക്കാർ അപ്പീലിന് നീക്കം: നിയമോപദേശം അനുകൂലം
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകുന്നതിന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാകില്ലെന്നും, നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശത്തിൽ വ്യക്തമാക്കി.
ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമാണെന്നും, ദിലീപിനെതിരെയുള്ള നിർണായകമായ തെളിവുകൾ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യം: പ്രോസിക്യൂഷൻ
വിശാലമായ വിധിന്യായത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, നീതി ഉറപ്പാക്കാൻ മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
