വിമാനത്തിനടിയിൽ ഒളിച്ച് അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തി 13കാരൻ; ഒന്നര മണിക്കൂർ സാഹസികയാത്ര

കാബൂൾ വിമാനത്താവളത്തിൽ നിന്ന് കാം എയർ വിമാനത്തിൽ ഒളിച്ചു കയറിയ കുട്ടി; സുരക്ഷിതനായി കണ്ടെത്തി തിരിച്ചയച്ചു.

ന്യൂഡൽഹി: കേൾക്കുമ്പോൾ സിനിമാ കഥപോലെ തോന്നാമെങ്കിലും യാഥാർത്ഥ്യമാണ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 13കാരൻ 2മണിക്കൂറിലേറെ സമയം വിമാനത്തിനടിയിലെ ലാൻഡിംഗ് ഗിയർ അറയിൽ ഒളിച്ച് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലെത്തിയ കാം എയർലൈൻസിന്റെ RQ-4401 വിമാനത്തിലാണ് ഈ സംഭവം.

കുട്ടി ആദ്യം ഇറാനിലേക്കാണ് പോകാൻ ഉദ്ദേശിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായി. പക്ഷേ വിമാനം തെറ്റി കയറിയതിനാൽ ഇന്ത്യയിലെത്തുകയായിരുന്നു. അഫ്ഗാൻ കുർത്ത ധരിച്ച കുട്ടി വിമാനത്താവളത്തിൽ പരുങ്ങിനടക്കുന്നത് കണ്ടപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുട്ടി അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നിന്ന് 250 കിലോമീറ്റർ വടക്കുള്ള ഗ്രാമത്തിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു.

സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിന് ശേഷം കുട്ടിയെ അന്നുതന്നെ വൈകുന്നേരം 4 മണിക്ക് കാബൂളിലേക്കുള്ള മറ്റൊരു വിമാനത്തിൽ തിരിച്ചയച്ചു. പ്രായപൂർത്തിയാകാത്തതിനാൽ കേസ് എടുത്തിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.

വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ അറയിൽ ഒളിച്ചു യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996-ൽ പ്രദീപ് സൈനിയും വിജയ് സൈനിയും ലണ്ടനിലേക്ക് ഇത്തരത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് മരിക്കുകയും പ്രദീപ് രക്ഷപ്പെടുകയും ചെയ്തിരുന്നു.

Source: Aviation Security Reports / CISF

malayalampulse

malayalampulse