ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആരോപണം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം നടന്നത്.
ദി ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളിലെ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മേളനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍ മാധ്യമ സംഘടനകളും സാമൂഹിക പ്രവർത്തകരും വ്യാപകമായി പ്രതിഷേധം രേഖപ്പെടുത്തി.
താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ് ഈ വിലക്കെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
ഇത്തരം വിവേചനപരമായ പെരുമാറ്റത്തിന് ഇന്ത്യൻ സര്‍ക്കാരിന്റെ മൗനം അപലപനീയമാണെന്ന് മാധ്യമപ്രവര്‍ത്തക സംഘടനകള്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ദ്വൈതബന്ധം ശക്തമാക്കുന്ന നീക്കങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. കാബൂളിലെ ഇന്ത്യന്‍ എംബസി പുനരാരംഭിക്കുക, സാങ്കേതിക സഹകരണം, മാനുഷിക സഹായം, വ്യാപാര-സുരക്ഷാ സഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ചര്‍ച്ചകള്‍ നടന്നത്.
