ആലപ്പുഴ: കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമാകുന്നതിനിടെ, ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയവുമായി രംഗത്തെത്തി. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും, നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെയടുത്തുള്ള അധികഭൂമി ഏറ്റെടുത്ത് എയിംസ് സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
എം ടി രമേശ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ദുര്‍ഭരണം 11 വര്‍ഷങ്ങളായി തുടരുന്നതോടെ പൊതുരംഗവും ആലപ്പുഴ ജില്ലയിലെ സമസ്ത മേഖലയുമാണ് തകര്‍ന്നതെന്ന വിലയിരുത്തലും നടത്തി.
എയിംസ് കേരളത്തില്‍ എവിടെ വന്നാലും സ്വീകരിക്കുമെന്നും, ജില്ലാ കമ്മിറ്റികള്‍ക്ക് പലവിധ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും എം ടി രമേശ് വ്യക്തമാക്കി.
അതേസമയം, എയിംസ് ആലപ്പുഴയിലോ തൃശൂരിലോ വേണമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. ഇവിടെയൊന്നും സാധ്യമല്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ നിലപാടിനെ സംസ്ഥാനത്തെ മറ്റു ബിജെപി നേതാക്കള്‍ തള്ളിക്കളഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എയിംസ് തിരുവനന്തപുരത്ത് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കാസര്‍കോട് ജില്ലാ നേതൃത്വം അത് സ്വന്തം ജില്ലയില്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഇതോടെ എയിംസ് വിഷയത്തില്‍ ബിജെപിക്കുള്ളിലെ അഭിപ്രായവ്യത്യാസം തുറന്നുകാട്ടുകയാണ്.
