യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങൾ ജമാഅത്തെ ഇസ്ലാമി കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും, അങ്ങനെ സംഭവിച്ചാൽ ഒന്നും രണ്ടും മാറാടുകളല്ല, പല മാറാടുകളും ഉണ്ടാകുമെന്നും സിപിഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു.
പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിയായിരിക്കും കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടുകളല്ല ഉണ്ടാകുക. അതിന് പറ്റിയ സമീപനമാണ് മുസ്ലിം ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്,” എന്ന് എ.കെ. ബാലൻ പറഞ്ഞു.
ഒന്നാം മാറാടും രണ്ടാം മാറാടും നടന്ന സമയത്ത് ചിലർ നോക്കിനിൽക്കുകയായിരുന്നുവെന്നും, തലശ്ശേരി കലാപം നടക്കുമ്പോഴും അതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
“ശരീരംകൊടുത്തും ജീവൻ ബലികൊടുത്തും വർഗീയ കലാപങ്ങളെ നേരിട്ട പ്രസ്ഥാനമാണ് ഞങ്ങളുടെത്. അതുകൊണ്ടുതന്നെ കേരളത്തെ വർഗീയ കലാപങ്ങളുടെ കുരുതിക്കളമാക്കാനുള്ള ഏത് ശ്രമത്തോടും യോജിക്കാനാവില്ല,” എന്നും എ.കെ. ബാലൻ വ്യക്തമാക്കി.
പാലക്കാട് അടുത്തിടെ നടന്ന സംഭവങ്ങൾ കേരളത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും, ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും കലാപത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ഇടപെടലിലൂടെയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്നും എ.കെ. ബാലൻ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ, “എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
