എകെജി സെന്‍ററിന് വീണ്ടും നിയമക്കുരുക്ക്; സിപിഐഎമ്മിനോട് വിശദീകരണം തേടി സുപ്രീം കോടതി

തിരുവനന്തപുരം: പുതിയ എകെജി സെന്‍ററും നിയമക്കുരുക്കിലായി. പഴയ എകെജി സെന്‍ററുമായി ബന്ധപ്പെട്ട ഭൂമി വിവാദത്തിന് പിന്നാലെയാണ് പുതിയ കെട്ടിടത്തെയും ചുറ്റിപ്പറ്റി നിയമപ്രശ്നങ്ങള്‍ ഉയർന്നിരിക്കുന്നത്.

എകെജി സെന്‍ററിന്റെ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സുപ്രീം കോടതി സിപിഐഎമ്മിനോട് വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മറ്റൊരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്ത് വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഐഎം പിന്നീട് വാങ്ങിയത്. ഇതിലെ 16 സെന്റ് ഭൂമി ഇപ്പോള്‍ വീണ്ടും തര്‍ക്ക വിഷയമായിരിക്കുകയാണ്.

1999ല്‍ നടന്ന ലേലം അസാധുവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ ഇന്ദു സുപ്രീം കോടതിയെ സമീപിച്ചത്. ഭൂമി തങ്ങളുടേതാണെന്ന വാദമാണ് ഇന്ദു കോടതിയില്‍ ഉന്നയിച്ചത്.

കീഴ്‌കോടതിയും ഹൈക്കോടതിയും ഹര്‍ജി തള്ളിയതോടെ ഇന്ദു വീണ്ടും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് നടക്കുന്നുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിപിഐഎം സ്റ്റേറ്റ് സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

പഴയ എകെജി സെന്‍ററിനായി കേരള സര്‍വകലാശാലയുടെ ഭൂമി വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്ന സാഹചര്യത്തിലാണ് പുതിയ എകെജി സെന്‍റര്‍ ഭൂമി സംബന്ധിച്ച തര്‍ക്കവും ഉയര്‍ന്നിരിക്കുന്നത്.

malayalampulse

malayalampulse