ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 30,000 ത്തോളം തൊഴിൽ നഷ്ടമാകും

ന്യൂയോർക്ക്: ലോകത്തിലെ മുൻനിര ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ 30,000 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കോർപ്പറേറ്റ് വിഭാഗങ്ങളിലായിരിക്കും പിരിച്ചുവിടൽ നടക്കുക.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ തീരുമാനം. കമ്പനിയിലെ മൊത്തം കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനത്തെയാണ് ഇതിലൂടെ ബാധിക്കുക. ഹ്യൂമൻ റിസോഴ്‌സ്, ഡിവൈസസ് ആൻഡ് സർവീസസ്, ഓപ്പറേഷൻസ് തുടങ്ങിയ പ്രധാന വിഭാഗങ്ങളിലുളള ജീവനക്കാർക്ക് ഇന്ന് മുതൽ ഇമെയിൽ വഴി പിരിച്ചുവിടൽ അറിയിപ്പുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ വാങ്ങലുകൾ കുത്തനെ വർധിച്ചതോടെ നടത്തിയ അമിത നിയമനങ്ങൾക്ക് പരിഹാരം കാണുക, കമ്പനി ഘടന ലളിതമാക്കുക തുടങ്ങിയവയാണ് നീക്കത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ.

ആമസോൺ സി.ഇ.ഒ. ആൻഡി ജാസ്സി നേരത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗം തൊഴിലവസരങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്ന് സൂചന നൽകിയിരുന്നു. ഇപ്പോൾ, പതിവായ ജോലികൾ എ.ഐ. ഉപകരണങ്ങൾ വഴി ഓട്ടോമേറ്റ് ചെയ്തതോടെ കോർപ്പറേറ്റ് ടീമുകളുടെ കാര്യക്ഷമത വർധിച്ചെങ്കിലും മനുഷ്യ തൊഴിലാളികളുടെ ആവശ്യം കുറയുകയാണ്.

അതേസമയം, വിപണിയിലെ മാന്ദ്യത്തിനിടയിലും അവധിക്കാലത്ത് വർധിച്ചുവരുന്ന ആവശ്യകതയെ മുന്നിൽകണ്ട് വെയർഹൗസുകളിലേക്കും ഡെലിവറി മേഖലയിലേക്കും 2,50,000 സീസണൽ തൊഴിലാളികളെ നിയമിക്കാനുള്ള പദ്ധതിയും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

malayalampulse

malayalampulse