കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ അന്ത്യം.
ഷാജിയുടെ മരണമടക്കം കഴിഞ്ഞ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചിട്ടുള്ളതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച്, ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് രോഗം മൂലം മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.
12 പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ടെന്നും 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിൽ ആരോഗ്യവകുപ്പ് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
