വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ ട്രംപ് – സെലെൻസ്കി ഉച്ചകോടിയിൽ പ്രതീക്ഷിച്ച സമാധാന പ്രഖ്യാപനം ഉണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് – യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി കൂടിക്കാഴ്ചയിൽ വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും, ഭാവിയിൽ യുക്രെയ്നിന് സുരക്ഷാ ഉറപ്പ് നൽകാൻ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിനായി ചേർന്നുനിൽക്കും.
സംവാദങ്ങളുടെ ഭാഗമായി, ഭൂമി വിട്ടുകൊടുക്കൽ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിഹരിക്കുന്നതിന് സെലെൻസ്കി – പുടിൻ നേർക്കുനേർ കൂടിക്കാഴ്ചക്ക് വേദി ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. തുടർന്ന്, അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി സമ്മേളനം വിളിച്ചുചേർത്ത് വെടിനിർത്തൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിനിടെ ഏകദേശം 40 മിനിറ്റ് നേരം ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻുമായി ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, റഷ്യയെ സമ്മർദത്തിലാക്കാൻ ആദ്യം വെടിനിർത്തൽ വേണമെന്ന് ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വൈറ്റ് ഹൗസ് ചർച്ചയിൽ ആവശ്യപ്പെട്ടു.
ചർച്ചകൾ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. സമാധാന ശ്രമങ്ങൾക്ക് അമേരിക്കയുടെ പിന്തുണയെ അഭിനന്ദിച്ച് സെലെൻസ്കിയും നന്ദി അറിയിച്ചു.
“നേതാക്കളുടെ കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പാണ്,” എന്നാണ് യൂറോപ്യൻ നേതാക്കളുടെ പ്രതികരണം.
