“അതിജീവിത തിരിച്ചുവരട്ടെ” – ശ്വേത മേനോന്‍; ഭാവനയുടെ മറുപടി: ‘ഞാന്‍ അംഗമല്ല’

കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റിസ് (അമ്മ) സംഘടനയില്‍ അംഗമല്ലെന്ന് നടി ഭാവന വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, അമ്മയില്‍ നിന്ന് പുറത്ത് പോയവര്‍ തിരിച്ചുവരണമെന്ന് പുതുതായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്‍ പ്രതികരിച്ചു. നടിയെ അക്രമിച്ച കേസിലെ അതിജീവിതയും സംഘടനയിലേക്ക് തിരിച്ചുവരട്ടെയെന്ന് ശ്വേത പറഞ്ഞു. “ഞങ്ങള്‍ എല്ലാവരും അതിജീവിതയുടെ ഒപ്പമാണ്. ജനറല്‍ ബോഡിയിലെ എല്ലാ അംഗങ്ങളും അവളോടൊപ്പമാണ്. സ്ത്രീയായാലും പുരുഷനായാലും പ്രശ്‌നമുണ്ടാകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരിക്കും. സംഘടനയിലേക്ക് അതിജീവിത തിരിച്ചുവരട്ടെ,” ശ്വേത വ്യക്തമാക്കി.

ഡബ്ല്യുസിസി അംഗങ്ങളെ അമ്മ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ശ്വേത വ്യക്തമാക്കി. “ഡബ്ല്യുസിസി അംഗങ്ങള്‍ പിണങ്ങി പോയിട്ടില്ല, അവര്‍ അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവര്‍ സമ്മതിച്ചാല്‍ വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്,” വിജയത്തിന് ശേഷം ശ്വേത പറഞ്ഞു.

ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. 20 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശ്വേത മേനോന്‍ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകള്‍ ലഭിക്കുമ്പോള്‍, എതിരാളിയായ ദേവന് 132 വോട്ടുകളാണ് ലഭിച്ചത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ വിജയിച്ചു. കുക്കുവിന് 172 വോട്ടുകള്‍ ലഭിക്കുമ്പോള്‍, എതിരാളിയായ രവീന്ദ്രന് 115 വോട്ടുകള്‍ നേടി.

വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകള്‍, ജയന്‍ ചേര്‍ത്തലയ്ക്ക് 121 വോട്ടുകള്‍, നാസര്‍ ലത്തീഫിന് 96 വോട്ടുകളുമാണ് ലഭിച്ചത്.

malayalampulse

malayalampulse