കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ പുതിയ അധ്യായം കുറിച്ചു. 31 വർഷത്തെ സംഘടനാ ചരിത്രത്തിലെ ഈ നേട്ടം ശ്രദ്ധേയമാണ്.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറായും ചുമതലയേൽക്കും. വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും പ്രസിഡന്റ് മോഹൻലാലിന്റെ രാജിയും പശ്ചാത്തലമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. വാശിയേറിയ മത്സരത്തിൽ 506 വോട്ടവകാശമുള്ള അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
സ്ത്രീ സ്ഥാനാർത്ഥി സംഘടനാ തലപ്പത്തേക്ക് എത്തിയത് മലയാള സിനിമാ ലോകത്തിന് ചരിത്രപരമായ ഒരു സംഭവമായി മാറി.
