മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം പൂർത്തിയാക്കി ‘അമ്മ’

കൊച്ചി:

താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം പൂർത്തിയാക്കിയതായി സംഘടന അറിയിച്ചു. കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ‘അമ്മ’ പ്രസിഡൻ്റ് ശ്വേത മേനോൻ പറഞ്ഞു.

മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയതാണെന്നും, കെപിഎസി ലളിതയുടെ നിര്യാണത്തെ തുടർന്ന് അന്വേഷണം അവിടെ അവസാനിപ്പിച്ചതായും ശ്വേത മേനോൻ വ്യക്തമാക്കി.

മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചു. സംഘടനയുടെ പുതിയ നേതൃത്വത്തിന്റെ ആദ്യ ദൗത്യമായിരുന്നു ഈ അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും മൊഴി എടുത്തതായും, അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തിയതെന്നും നേതൃത്വം അറിയിച്ചു.

ആകെ 11 പേരുടെ മൊഴി രേഖപ്പെടുത്തിയതായും, യോഗ മിനുട്സുകൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ ശേഖരിച്ചതായും ശ്വേത മേനോൻ പറഞ്ഞു.

“ഏഴ് വർഷത്തോളം ആരും പരാതി ഉന്നയിച്ചിരുന്നില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകാത്ത വിഷയം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ഉയർന്നത്. നിയമപരമായി മുന്നോട്ട് പോകാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതിന് അവകാശമുണ്ട്. മെമ്മറി കാർഡ് കെപിഎസി ലളിതയുടെ കൈവശമായിരുന്നു. അവർ മരണപ്പെട്ടതിനാൽ അന്വേഷണം അവിടെ അവസാനിപ്പിച്ചു. കുക്കു പരമേശ്വരൻ മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയതാണ്,” ശ്വേത മേനോൻ പറഞ്ഞു.

malayalampulse

malayalampulse