കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 11 പേർ ചികിത്സയിലാണ്. രോഗികളിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ.
പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധയ്ക്ക് കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് നിരവധി പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പ്രതികരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നുണ്ടെന്നും, കൃത്യമായ ചികിത്സ നൽകി രോഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
