അനന്തു അജിയുടെ മരണമൊഴി പുറത്ത്: ആത്മഹത്യക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോ | പീഡിപ്പിച്ചത് നിതീഷ് മുരളീധരനെന്ന് വെളിപ്പെടുത്തൽ

കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. മരണമൊഴി എന്നുപറഞ്ഞ് ആത്മഹത്യക്ക് തൊട്ടുമുമ്പ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

‘എന്തിനായിരിക്കും ആത്മഹത്യ ചെയ്തതെന്ന ഈ വിഡിയോ കാണുമ്പോൾ നിങ്ങൾക്ക് വ്യക്തമാകുമെന്നു’ പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളീധരൻ എന്നയാളാണെന്ന് അനന്തു വെളിപ്പെടുത്തുന്നു. നേരത്തെ എൻഎം എന്നൊരാൾ പീഡിപ്പിച്ചുവെന്നുമാത്രമാണ് സൂചിപ്പിച്ചിരുന്നത്. ഇയാൾ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു എന്നും അനന്തു വീഡിയോയിൽ പറയുന്നു. സെപ്റ്റംബർ പതിനാലിനാണ് ഈ വിഡിയോ ഷെഡ്യൂൾ ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തിരുവനന്തപുരത്തെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീഡിയോയിലെ പ്രസക്തഭാഗങ്ങൾ

ലൈംഗികാതിക്രമ ഇര: താനൊരു ലൈംഗികാതിക്രമ ഇരയാണെന്ന് ഇദ്ദേഹം പറയുന്നു. മൂന്ന്-നാല് വയസുമുതൽ വീടിനടുത്തുള്ളയാളടക്കം പലസ്ഥലങ്ങളിൽ വെച്ച് പീഡനം നേരിടേണ്ടി വന്നു. ലൈംഗിക പീഡനം എന്നതിരിച്ചറിഞ്ഞത് കഴിഞ്ഞ വർഷം മാത്രമാണ്. ഇതേതുടർന്ന് വിഷാദ രോഗത്തിന് ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. ആറ് മാസമായി ഗുളിക കഴിക്കുന്നുണ്ട്.

ആർഎസ്എസ് ക്യാമ്പുകൾ:ജീവിതത്തിൽ ആർഎസ്എസുമായി ഇടപഴകരുതെന്ന് വീഡിയോയിൽ ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്നത് ഭയങ്കര മോശമായ സാഹചര്യമാണ്. **ടോർച്ചറിങ്ങ്** ആണ് അവിടെ നടക്കുന്നത്. മെന്റലിയും ഫിസിക്കലിയും സെക്ഷ്വലിയും കുട്ടികളെ അവർ പീഡിപ്പിക്കുമെന്നും പലതും ചെയ്യുമെന്നും പറയുന്നു.

ആരോപണവിധേയൻ: എന്നെ പീഡിപ്പിച്ച ആൾ നിതീഷ് മുരളീധരനാണ്. എല്ലാവരുടെയും കണ്ണൻചേട്ടൻ എന്നും ഇയാൾ അറിയപ്പെടുന്നു.

പീഡിപ്പിച്ചവർ സുഖമായി ജീവിക്കുമ്പോൾ ഇരകൾ ജീവിതകാലം മുഴുവൻ അത് അനുഭവിക്കണം. ജീവിക്കാൻ കഴിയില്ല എനിക്ക്. ശരിക്കും മടുത്തു. – വീഡിയോയിൽ അനന്തു പറയുന്നു.

പോലീസ് പ്രതികരണം: വിശദമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷണർ

അതേസമയം, കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനു മുൻപ് കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

malayalampulse

malayalampulse