അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്; ബിഎൽഒമാർ നാളെ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ ദൗത്യത്തിൽ പ്രവർത്തിച്ചിരുന്ന ബൂത്ത് ലെവൽ ഓഫീസർ (BLO) അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. ജോലി സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണം എന്ന ആരോപണം ശക്തമായിരിക്കെ, നാളെ സംസ്ഥാനത്തെ എല്ലാ ബിഎൽഒമാരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസും ടീച്ചേഴ്സും, അധ്യാപക സർവീസ് സംഘടന സമരസമിതിയും അറിയിച്ചു.

പയ്യന്നൂർ നിയോജകമണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറുമായും കുന്നരു AUP സ്കൂളിലെ ഓഫീസ് അറ്റന്റന്റുമായ അനീഷ് ജോർജിന്റെ മരണത്തിനുത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും അറിയിപ്പുണ്ടായി.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവും തദ്ദേശ തെരഞ്ഞെടുപ്പ് ജോലികളും ഒരുമിച്ച് നിർവഹിക്കേണ്ടി വന്നതു കാരണം ബിഎൽഒമാർ കടുത്ത സമ്മർദത്തിലാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കുറഞ്ഞ സമയപരിധിയിൽ മനുഷ്യസാധ്യമല്ലാത്ത ടാർഗറ്റുകൾ നിർബന്ധിക്കുന്നതും എസ്‌ഐആർ നീട്ടുന്നതിൽ പരാമർശമില്ലാത്തതും സാഹചര്യം വഷളാക്കിയെന്ന് അവർ ആരോപിക്കുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിസമ്മർദം അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കൂടുതൽ വിലയിരുത്തലിനായി പൊലീസ് അസ്വാഭാവിക മരണത്തിന്റ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ, ബിഎൽഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

malayalampulse

malayalampulse