അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു

കൊച്ചി| October 27, 2025

കോൺഗ്രസിന്റെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. ഞായറാഴ്ച വധുവിന്റെ വീട്ടിൽ വച്ചാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വിവാഹം ലളിതമായി നടത്താനാണ് തീരുമാനം. ചടങ്ങിൽ അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാത്രം പങ്കെടുക്കുമെന്നാണ് വിവരം. വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. തുടർന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും വധു ലിപ്‌സിയുടെയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

രാഷ്ട്രീയ ജീവിതം

അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്ന് 2016-ലും 2021-ലും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട റോജി എം ജോൺ, കെ.എസ്‌.യു. വഴിയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. എറണാകുളം തേവര എസ്എച്ച് കോളേജ് ചെയർമാനായും പിന്നീട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (JNU) വിദ്യാർത്ഥിനേതാവായും പ്രവർത്തിച്ചു. എൻ.എസ്‌.യു.ഐ. ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

2016-ൽ ജെഡിഎസിന്റെ ജോണി മൂഞ്ഞേലിയെ പരാജയപ്പെടുത്തി റോജി എം ജോൺ നിയമസഭയിലെത്തി. 2021-ൽ ജോസ് തെറ്റയിൽ അങ്കമാലി മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചത് വീണ്ടും റോജിയായിരുന്നു.

വ്യക്തിജീവിതം

41 കാരനായ റോജി എം ജോൺ 1984-ൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എം.വി. ജോണിന്റെയും എൽസമ്മയുടെയും മകനായി ജനിച്ചു. ഇപ്പോൾ അങ്കമാലിക്കടുത്ത് കുറുമശേരിയിൽ ആണ് താമസം.

malayalampulse

malayalampulse