ന്യൂഡല്‍ഹി: ലോണ്‍ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനില്‍ അംബാനിയുടെ 3000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
മുംബൈയിലെ പാലി ഹില്ലിലുള്ള ആഡംബര വസതിയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ ആസ്തികളാണ് ഇഡി പിടിച്ചെടുത്തത്. ഡല്‍ഹിയിലെ മഹാരാജ രഞ്ജിത് സിങ് മാര്‍ഗിലുള്ള റിലയന്‍സ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളും നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്റ്റ് ഗോദാവരി തുടങ്ങിയ നഗരങ്ങളിലെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ ₹3,064 കോടി രൂപയുടെ ആസ്തികളാണ് ഇഡി കണ്ടുകെട്ടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL), റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) എന്നീ സ്ഥാപനങ്ങളുടെ യെസ് ബാങ്കുമായി ബന്ധപ്പെട്ട പൊതു ഫണ്ടുകള്‍ വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് നടപടി.
2017-19 കാലയളവില്‍ യെസ് ബാങ്ക് RHFL-ലേക്ക് ₹2,695 കോടിയും RCFL-ലേക്ക് ₹2,045 കോടിയും നിക്ഷേപിച്ചുവെന്നും 2019 ഡിസംബറോടെ ഇത് നിഷ്‌ക്രിയ നിക്ഷേപമായി (Non-performing asset) മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. RHFL-ന് ₹1,353.50 കോടി രൂപയും RCFL-ന് ₹1,984 കോടി രൂപയും കുടിശ്ശികയുണ്ടെന്നാണ് ഇഡി കണക്കുകള്‍.
വായ്പാ വകമാറ്റങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടത്തി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ₹17,000 കോടിയിലധികം തട്ടിച്ചെന്നതാണ് ഇഡിയുടെ പ്രധാന ആരോപണം.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 24-ന് മുംബൈയിലുള്‍പ്പെടെ രാജ്യത്തെ 50-ഓളം സ്ഥലങ്ങളില്‍ ഇഡി പരിശോധനകള്‍ നടത്തിയിരുന്നു. റിലയന്‍സ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ 25 പേരുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡുകള്‍ നടന്നത്.
സംഭവത്തില്‍ ഇതുവരെ റിലയന്‍സ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
